പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുക : കെ.ഐ.സി

  • 13/02/2021


കുവൈത്ത് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളും മറ്റും കാരണമായി തൊഴില്‍  നഷ്ടപ്പെട്ടു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി  കാര്യക്ഷമമായ പദ്ധതികള്‍  ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കേരളമുള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഈ  സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ മുന്നണികളുടെ പ്രകടന പത്രികയിലുള്‍പ്പെടെ  പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം ഉണ്ടാകണം. 

സ്വദേശി വല്‍കരണവും, കോവിഡ്  വ്യാപന നിയന്ത്രണങ്ങളും, മറ്റു സാമ്പത്തിക പ്രതിസന്ധികളും കാരണമായി നിരവധി പേര്‍ക്കാണ് ദിനേന തൊഴില്‍ നഷ്ടപെട്ടു കൊണ്ടിരിക്കുന്നത് . ചെറുകിട സ്ഥാനപനങ്ങളും മറ്റു വ്യവസായങ്ങളും നടത്തുന്ന പ്രവാസികളില്‍ പലരും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയുമാണ്.

നാടിന്റെ സാമ്പത്തിക സാമൂഹിക പുരോഗതിക്ക് മുഖ്യ പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സമാശ്വാസം പകരുന്ന പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ധാര്‍മ്മികമായ ബാധ്യതയുണ്ട്. 

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമായുളള  പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ ക്രിയാത്മകവും ആത്മാര്‍ത്ഥവുമായ സമീപനമാണ് ഭരണകര്‍ത്താക്കള്‍ കൈകൊള്ളേണ്ടതെന്നും, ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാ പ്രവാസി സംഘടനകളും ഇത്തരം ആവശ്യങ്ങള്‍ക്കായി ഐക്യത്തോടെ നിലകൊള്ളണമെന്നും, കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Related News