ടാങ്കുകളെ പ്രതിരോധിക്കാൻ പ്രാപ്തമായ ആന്റി ടാങ്കുകൾ; ഹെലീന, ധ്രുവാസ്ത്ര,: ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

  • 19/02/2021



ജയ്പ്പൂർ: ആൻറി ടാങ്ക് മിസൈൽ ഹെലീന, ധ്രുവാസ്ത്ര എന്നിവ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ടാങ്കുകളെ പ്രതിരോധിക്കാൻ പ്രാപ്തമായ ആന്റി ടാങ്കുകളാണിവ. രാജസ്ഥാൻ മരുഭൂമിയിലെ സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഹെലീന കരസേനയ്ക്ക് ഉപയോഗിക്കാവുന്നതും ധ്രുവാസ്ത്ര വ്യോമസേനയ്ക്ക് ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് തയ്യാറിക്കിയിരിക്കുന്നത്.

ഹെലികോപ്റ്ററിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ആയുധമാണ് ഈ ആൻറി ടാങ്ക് മിസൈലുകൾ. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങളിൽ ഒന്നാണ് എന്നാണ് സൈനിക കേന്ദ്രങ്ങളും ഡിആർഡിഒയും വിശേഷിപ്പിക്കുന്നത്.

ഏറ്റവും കൂടിയതും കുറഞ്ഞതുമായ ദൂരപരിധിയിൽ നിന്നും അഞ്ച് പരീക്ഷണങ്ങളാണ് ഈ മിസൈലുകൾ വച്ച് നടത്തിയത്. ഒരു നിശ്ചിത സ്ഥലത്ത് നിൽക്കുന്ന ലക്ഷ്യത്തിനെയും, നീങ്ങികൊണ്ടിരിക്കുന്ന ലക്ഷ്യത്തേയും ഒരു പോലെ തകർക്കാൻ ഈ പരീക്ഷണത്തിലൂടെ സാധിച്ചു - ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.

മൂന്നാം തലമുറ ആൻറി ടാങ്ക് മിസൈലുകളാണ് ഇവ, പറക്കുന്ന ഒരു ഹെലികോപ്റ്ററിൽ നിന്നും ഉപരിതലത്തിൽ സഞ്ചരിക്കുന്ന ഒരു ടാങ്കിനെ തകർക്കാൻ ഇതിന് സാധിക്കും. ഒപ്പം തന്നെ രാത്രിയും പകലും ഒരു പോലെ ഉപയോഗക്ഷമമാണ് ഇത്. ഉടൻ തന്നെ ഇത് സൈന്യത്തിൻറെ ഭാഗമാകും എന്നാണ് നിർമ്മാതാക്കളായ ഡിആർഡിഒ അറിയിക്കുന്നത്.

Related News