പ്രവാസികളെ ചേര്‍ത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം : കെ.ഐ.സി

  • 25/02/2021

കുവൈത്ത് സിറ്റി : 72 മണിക്കൂർ സമയപരിധിയിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ വീണ്ടും കോവിഡ് പരിശോധന നടത്തണമെന്ന വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പരിശോധന സൗജന്യമാക്കണമെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അസുഖ ബാധിതരായും ജോലി നഷ്ടപ്പെട്ടും മറ്റും പ്രവാസ ലോകത്ത് നിന്നും നിര്‍ബന്ധിത സാഹചര്യങ്ങളില്‍  നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരോടുളള ഈ സമീപനം നീതീകരിക്കാനാവില്ല.

ഗള്‍ഫ് നാടുകളിലെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ മൂലം ദുബായിലും മറ്റും കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണം.

14 ദിവസത്തെ ക്വാറന്റൈനു ശേഷവും കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രയാസപ്പെടുന്നവര്‍ കെ.എം.സി.സി പോലുള്ള സാമൂഹ്യ സേവന സംഘടനകളുടെയും മറ്റും തണലിലാണ് കഴിഞ്ഞു പോരുന്നത്. വര്‍ദ്ധിച്ച വിമാനക്കൂലിയടക്കം  വലിയൊരു സാമ്പത്തിക ബാധ്യത നേരിടുന്നതോടൊപ്പം പലരുടെയും ജോലിയും പ്രതിസന്ധിയിലായിരിക്കുകയാണ്.

കാലങ്ങളായി നാടിന്റെ എല്ലാ പുരോഗതിയിലും, പ്രയാസങ്ങളിലും കൂടെ നില്‍ക്കുന്ന  പ്രവാസി സമൂഹത്തെ അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്തു നിര്‍ത്താനും, നയതന്ത്രപരമായ ഇടപെടലുകളിലൂടെ അവര്‍ക്കാവശ്യമായ അടിയന്തര സഹായങ്ങള്‍ ചെയ്യാനും സര്‍ക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Related News