'പ്രവാസികൾക്കുള്ള പുതിയ യാത്രാ മാനദണ്ഡം വിവേചനംപിൻവലിക്കണം -ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ

  • 25/02/2021

വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെ എയർപോർട്ടിൽ എത്തുന്ന ആളുകൾ പി.സി.ആർ ടെസ്റ്റിന് വിധേയമാകണമെന്നും അതിൻ്റെ ചിലവ്  സ്വയം വഹിക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിൻ്റെ പുതിയ യാത്രാ മാനദണ്ഡം പ്രവാസികളോടുള്ള വിവേചനമാണെന്നും,  ഇത് ഉടൻ പിൻവലിക്കണമെന്നും   ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകി.

സാമ്പത്തികയായി വളരെയധികം പ്രയാസം അനുഭവിക്കുകയും, ജോലി നഷ്ടപ്പെട്ട് ചികിത്സക്കായും മറ്റും  നാട്ടിൽ വരുന്നവർക്കും പുതിയ നിർദേശം ഉണ്ടാക്കുന്ന സാമ്പത്തിക ഭാരം വലുതാണ്. വിദേശത്തു നിന്നും വരുന്നവർക്ക്  പ്രായഭേദമന്യേ 72 മണിക്കൂറിനകമുള്ള നെഗറ്റീവ് PCR സർട്ടിഫിക്കറ്റ്  നിർബന്ധമാണെന്ന് മാർഗ്ഗനിര്ദേശത്തിലുണ്ട്.

 അത്തരമൊരു സർട്ടിഫിക്കറ്റുമായി  നാട്ടിൽ എയർപോർട്ടിൽ വരുന്നയാൾ  സ്വന്തം ചിലവിൽ വീണ്ടും ടെസ്റ്റ് നടത്തണം എന്ന നിയമം അനാവശ്യമാണ്.  വിദേശത്തുള്ള മിക്ക  എയർപോർട്ടുകളിലും  ടെസ്റ്റുകൾ സൗജന്യമായിരിക്കേ ഇവിടെ  ചിലവ്  സ്വന്തം പൗരന്മാരായ ആളുകൾ  വഹിക്കണം എന്നത് അംഗീകരിക്കാനാവാത്തതാണ്.  
കുട്ടികളടക്കം ടെസ്റ്റ് ചെയ്യണമെന്നുള്ളത് ഇടത്തരം കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയും , സമയ നഷ്ടവും ഉണ്ടാക്കുന്നതിനാൽ   ഈ വിഷയത്തിൽ അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന്  ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്ആര്‍പിഎം) ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, ഡോ. വി. അബ്ദുൾ ലത്തീഫ് (HRPM ദേശീയ സെക്രട്ടറി), രാജീവൻ വടക്കേടത്ത് (HRPM ഗ്ലോബൽ വൈസ് പ്രസിഡണ്ട്), ഫാരീസ് ഫൈസൽ (HRPM പ്രിവിലേജ് വൈസ് ചെയർമാൻ),മുനീര്‍ പാണ്ടിയാല ( HRPMചീഫ് മീഡിയ കോര്‍ഡിനേറ്റർ) എന്നിവർ വാർത്താ കുറിപ്പിൽ അധികാരികളോട് ആവശ്യപ്പെട്ടു

Related News