കെ ഐ സി നാഷണൽ സർഗലയം: ഫഹാഹീൽ മേഖല ജേതാക്കളായി അബ്ബാസിയ രണ്ടാം സ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി

  • 28/02/2021

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സർഗലയ വിഭാഗം സംഘടിപ്പിച്ച നാഷണല്‍ സർഗലയം ഫൈനല്‍ മത്സരത്തില്‍ ഫഹാഹീല്‍ മേഖല ജേതാക്കളായി. അബ്ബാസിയ മേഖല രണ്ടാം സ്ഥാനവും ഫർവാനിയ മൂന്നാം സ്ഥാനവും നേടി.

ഓൺലൈനായി നടന്ന പരിപാടിയിൽ അഞ്ചു മേഖലകളിലെ 34 യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

ജനറൽ,ഹിദായ എന്നീ രണ്ടു വിഭാഗങ്ങളിലായി ഖിറാഅത്ത്, മദ്ഹ് ഗാനം,അറബി ഗാനം, പടപ്പാട്ട്, സമൂഹഗാനം, അറബി, മലയാളം, ഇംഗ്ലീഷ് പ്രസംഗങ്ങൾ, ക്വിസ്സ് തുടങ്ങിയ പതിമൂന്നോളം ഇനങ്ങളിലാണ്  മത്സരങ്ങള്‍ നടന്നത്.

ജനറല്‍ വിഭാഗത്തില്‍ ജവാദ് വാഴയൂരും ഹിദായ വിഭാഗത്തില്‍ അമീൻ മുസ്‌ലിയാർ ചേകനൂരും കലാപ്രതിഭകളായി. ഹസൻ മാസ്റ്റർ കോഴിക്കോട്, നൗഷാദലി എടപ്പറ്റ, സലീം സിദ്ധീഖി പൊടിയാട്, സിനാൻ ഹുദവി തൃക്കരിപ്പൂർ എന്നിവർ വിധികർത്താക്കളായി. 

കെ.ഐ സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ വിജയികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്‍മള, സര്‍ഗലയ വിംഗ് കേന്ദ്ര സെക്രട്ടറി മനാഫ് മൗലവി, വിദ്യാഭ്യാസ വിംഗ് സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ശിഹാബ് മാസ്റ്റര്‍ നീലഗിരി, കേന്ദ്ര കണ്‍വീനര്‍ ഇസ്മായില്‍ വള്ളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News