വനിതാവേദി കുവൈറ്റ്‌ ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.

  • 19/03/2021

കുവൈറ്റ്‌ മലയാളി  സമൂഹത്തിൽ കഴിഞ്ഞ ഇരുപതു  വർഷക്കാലമായി മതനിരപേക്ഷമായി  പ്രവർത്തിച്ചു വരുന്ന വനിതാവേദി  കുവൈറ്റ് ലോക വനിതാദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു.  "തിരഞ്ഞെടുപ്പും സ്ത്രീ സമൂഹവും" എന്ന വിഷയത്തിൽ ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടി കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹിത്യ മേഖലയിൽ നിസ്തുല സംഭാവനകൾ നൽകി സ്ത്രീ ശാക്തീകരണ രംഗത്തു പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖ ഇടതുപക്ഷ പ്രവർത്തകയും, മുൻ രാജ്യസഭഅംഗവും, ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ്ചെയർ പേഴ്സണുമായിരുന്ന  ഡോ. ടി. എൻ സീമയാണ് വനിതാ ദിനാഘോഷവും വെബിനാറും ഉത്ഘാടനം ചെയ്തത്.    വനിതാദിനം എന്നതു കേവലം ഒരു ദിവസത്തേക്കുള്ള ആഘോഷത്തിൽ മാത്രം അടങ്ങുന്നതല്ലെന്ന കാര്യം പണ്ടുമുതലേ ഉയർന്നു വന്നിട്ടുള്ളതാണെന്നും സമൂഹത്തിന്റെ പൊതുവേദികളിൽ തീരുമാനം നിർണയിക്കാനുള്ള അവകാശം, സ്വന്തം ജീവിതം നിർണയിക്കാ നുള്ള അവകാശം  ഇതെല്ലാം എന്നും സ്ത്രീക്കു അവകാശപെട്ടതാണെന്നും ഉത്ഘാടക അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രക്രിയയിൽ സ്ത്രീകൾ എത്രത്തോളം ഇടപെട്ട് പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നു എന്നത് മനസ്സിലാക്കി തിരഞ്ഞെടുപ്പിനെ സ്ത്രീകൾ കാണണം എന്നും കേരളം പോലെ മാറിയ സമൂഹത്തിൽ മാത്രമേ വനിതാസംവരണം ഫലപ്രദമാകൂ എന്നും സ്ത്രീകൾക്ക് അവരുടേതായ ഇടം നൽകി സ്ത്രീകൾ ക്കെതിരായ അധിക്ഷേപങ്ങൾക്കെതിരെ സാമൂഹിക പിന്തുണ നൽകി അന്തസ്സോടെയും ആത്മാഭിമാനത്തോടെയുംജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സർക്കാർ നമുക്കുണ്ടെന്നും  പ്രാദേശിക വികസന പ്രവർത്തനങ്ങളിലും ഭരണനേതൃത്വത്തിലും കേരളത്തിൽ സ്ത്രീകൾ മുന്നിലാണെന്ന കാര്യവും ഡോ. സീമ തൻ്റെ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.  കൂടാതെ കുടുംബശ്രീ പോലുള്ള പദ്ധതികളിലൂടെ സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ള സ്ത്രീകളെ സ്വയം പര്യാപ്തരായി മുന്നോട്ടു കൊണ്ടുവരുകയും വളരെ അധികം വനിതകൾ അത്തരം മേഖലകളിൽ നിന്നും തിരഞ്ഞെടുപ്പ് വേദികളിൽ എത്തപെട്ടുഎന്നും ശ്രീമതി ടി.എൻ. സീമ സൂചിപ്പിച്ചു.

അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാൻ കഴിയുന്നവരാണ്  കേരളത്തിന്റെ പെണ്മക്കൾ എന്നതിൽ നമുക്ക് അഭിമാനിക്കാം എന്നും ലക്ഷ്യത്തിലെത്താൻ പോരാട്ട വീഥികൾ ഇനിയും ഏറെ താണ്ടേണ്ട തുണ്ടന്നും  തൻ്റെ പ്രഭാഷണം ഉപസംഹരിച്ചു കൊണ്ട് ഡോ. ടി.എൻ സീമ അഭിപ്രായപ്പെട്ടു.


പരിപാടിയിൽ വനിതാവേദി കുവൈറ്റ്‌ പ്രസിഡന്റ്‌ ശ്രീമതി രമ അജിത് അധ്യക്ഷതവഹിച്ചു. ആക്ടിങ് സെക്രട്ടറി ശ്രീമതി ആശ ബാലകൃഷ്ണൻ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം  ശ്രീമതി ജിജി രമേശ്  വനിതാദിന  സന്ദേശവും  അവതരിപ്പിച്ചു. 

കേരള പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ. അജിത്കുമാർ, കലാകുവൈറ്റ് സെക്രട്ടറി സി. കെ നൗഷാദ്, തൃശൂർ അസോസിയേഷൻ വനിതാവേദി സെക്രട്ടറി   സിന്ധു പോൾസൺ, വനിതാവേദി കുവൈറ്റിന്റെ വിവിധ യൂണിറ്റ് പ്രതിനിധികളായി പ്രസീത ജിതിൻ (അബുഹലീഫ) കൃഷ്ണപ്രിയ ശരത് (സാൽമിയ), ഷംല ബിജു (അബ്ബാസിയ), ദിപിമോൾ സുനിൽ കുമാർ (ഫർവാനിയ), ഷാബി രാജു (റിഗായ്), ഷിനി റോബർട്ട്‌(അൽ ജലീബ്), ലിപി പ്രസീത് (ഫാഹീൽ) എന്നിവരും വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ലോക വനിതാ ദിനവുമായി ബന്ധപ്പെട്ടു നടന്ന  ചർച്ചയിൽ മികവ് പുലർത്തിയ പരിപാടിക്കു വനിതാവേദി കുവൈറ്റ്‌ ട്രഷറർ വത്സ സാം നന്ദി പറഞ്ഞു.  പരിപാടിയുടെ അവതാരകയായി കവിത അനൂപ് പ്രവർത്തിച്ചു.

Related News