തിരഞ്ഞെടുപ്പ് കൺവെൻഷനും മുസ്ലീം ലീഗ് സ്ഥാപക ദിനവും സംഘടിപ്പിച്ചു:

  • 23/03/2021

കുവൈത്ത് സിറ്റി: ഇടതുപക്ഷവും ബി ജെ പിയും കെട്ടിപൊക്കുന്ന ഹിംസയുടെയും വിദ്വേഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും നാളുകൾക്ക് വിരാമമിടാൻ ഓരോ വോട്ടു കൊണ്ടും തീരുമാനിക്കണമെന്നും പരസ്പര ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാനും നമ്മുടെ പൈതൃകം നിനിർത്താനും നമുക്ക് കഴിയേണ്ടതുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ പ്രസ്താവിച്ചു. കുവൈത്ത് കെഎം. സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷനും മുസ്ലീം ലീഗ് സ്ഥാപക ദിനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങൾ. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അദ്ധ്യക്ഷനായിരുന്നു.

മുൻ പി.എസ്.സി. അംഗം ടി.ടി. ഇസ്മായിൽ മുസ്ലീം ലീഗ് സ്ഥാപക ദിന പ്രഭാഷണം നടത്തി. മുൻകാല മുസ്ലിം ലീഗ് നേതാക്കൾ ഉയർത്തിപിടിച്ച മൂല്യബോധമുള്ള ആദർശനിഷ്ഠയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഒരു പാട് ദൂരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും സമൂഹത്തിന്റെയും സമുദായത്തിന്റെയും പുനർനിർമിതിക്ക് മുസ്ലിം ലീഗ് പ്രവർത്തകർക്ക് പലതും ഉപേക്ഷിക്കേണ്ടി വരുമെന്നും അധികാരം ലീഗ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമല്ലെന്നും ലക്ഷ്യത്തിലേക്കുള്ള മാർഗം മാത്രം മാണതെന്നും ടി.ടി.ഇസ്മായിൽ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രവാസികൾ ജാഗ്രതയോടെ കാണണമെന്നും കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി വർത്തിച്ച പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ അവഗണനെക്കെതിരെയുള്ള വിധിയെഴുത്താവണം വരാനിരിക്കുന്ന  നിയമസഭ തെരഞ്ഞെടുപ്പെന്ന് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും താനൂർ മണ്ഡലം സ്ഥാനാർത്ഥി അഡ്വ.പി കെ. ഫിറോസ് പറഞ്ഞു.

പ്രവാസികളെ ദ്രോഹിക്കുന്ന പിണാറായി സർക്കാരിന്റെ ദുര്ഭരണത്തിനെതിരെയും പ്രവാസികൾക്ക് ഓൺലൈൻ വോട്ടാനുവദിക്കരുതെന്നു പറഞ്ഞ സി.പി.എമ്മിനുമെതിരെയുമുള്ള  വിധിയെഴുത്താകണം ഈ തിരഞ്ഞെടുപ്പെന്ന് കുവൈത്ത് കെഎം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്  പറഞ്ഞു.

എം.ജി. യൂണിവേഴ്സിറ്റി മുൻസെനറ്റംഗവും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയംഗവുമായ നിധിൻ കിശോർ, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡന്റുമാരായ എൻ.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി ടി.ടി. ഷംസു, മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ് മൂടാൽ എന്നിവരും ആശംസകളർപ്പിച്ചു. കുവൈത്ത് കെഎം.സി.സി. ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്‌താഖ്‌  സ്വാഗതവും സെക്രട്ടറി റസാഖ് അയ്യൂർ നന്ദിയും പറഞ്ഞു.

Related News