ആസട്രസെനഗ വാക്സിന്‍റെ രണ്ടാം ബാച്ച് വിതരണം ഇന്നുമുതൽ ആരംഭിക്കും

  • 05/04/2021

കുവൈത്ത് സിറ്റി: ആസട്രസെനഗ വാക്സിന്‍റെ രണ്ടാം ബാച്ച് വിതരണം ഇന്നുമുതൽ ആരംഭിക്കും. വാക്സിന്‍ സ്വീകരിച്ച ശേഷം ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പല രാജ്യങ്ങളില്‍ നിന്നും വന്നിരുന്നു. എന്നാല്‍, വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ കുറവാണ്. ഫൈസര്‍, ഓക്സഫഡ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസുകള്‍ സ്വീകരിച്ച ശേഷവും ഇതുവരെ അപ്രതീക്ഷിത പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

പ്രാദേശികമായും അന്തർ‌ദ്ദേശീയമായും വാക്സിന്‍ സംബന്ധിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും പഠിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഹ്വാനത്തോട് എല്ലാവരും സഹകരിക്കണം. പൊതുജനങ്ങളെ വാക്സിനേഷനില്‍ നിന്ന് അകറ്റുന്ന പ്രചാരണങ്ങള്‍ക്ക് ശ്രദ്ധകൊടുക്കരുതെന്നും മന്ത്രാലയം വിശദീകരിച്ചു. 

അതേസമയം, ഇന്നലെ 14 പേരാണ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രതിദിന മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ഇന്നലെയാണ്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1353 ആയി ഉയര്‍ന്നു. 1203 പേര്‍ക്കാണ് കൊവിഡ് പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 237192 ആയി. 1422 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവര്‍ 221943 ആയി. 224 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

Related News