വര്‍ഗ്ഗീയ ധ്രുവീകരണം ചെറുക്കപ്പെടണം : കെ.ഐ.സി

  • 05/04/2021

കുവൈത്ത് സിറ്റി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന വര്‍ഗ്ഗീയ ധ്രുവീകരണ ശ്രമങ്ങളെ കേരളീയ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

ജാതി മത ഭേദമന്യേ കാലങ്ങളായി കേരള ജനത പരസ്പരം പുലര്‍ത്തി പോരുന്ന സ്നേഹവും സൗഹാര്‍ദ്ദവും തകര്‍ത്ത് നമുക്കിടയില്‍ വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താനുള്ള ഗൂഢ തന്ത്രങ്ങള്‍ക്ക് ബാലറ്റിലൂടെ മറുപടി നല്‍കാനുളള അവസരമാണ് വന്നിരിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും മറ്റും വര്‍ഷങ്ങളായി നാം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ പ്രധാന കാരണം നമ്മുടെ ഐക്യവും സാമൂഹിക പ്രബുദ്ധതയുമാണ്.

കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്കും അധികാരത്തിനും വേണ്ടി വര്‍ഗ്ഗീയ ശക്തികളെ രഹസ്യ ധാരണകളിലൂടെ കൂട്ടു പിടിക്കുന്നവര്‍ സ്വന്തം നിലനില്‍പ്പ് തന്നെയാണ് അപകടത്തിലാക്കുന്നതെന്ന് തിരിച്ചറിയണം. തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ പേരില്‍  മത സാമൂഹിക സാംസ്കാരിക  നേതാക്കന്‍മാര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഫാസിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കാനുള്ള ഇത്തരം ഇരട്ടത്താപ്പ് നയങ്ങള്‍ക്കും, തുടര്‍ നടപടികള്‍ക്കും കേരള സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കെ.ഐ.സി ഭാരവാഹികള്‍ പറഞ്ഞു.

Related News