കുവൈത്ത് ബാങ്കുകളില്‍ 55 ശതമാനം മാനേജ്മെന്‍റ് സ്ഥാനങ്ങളിലും സ്വദേശികള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്.

  • 17/04/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക ബാങ്കുകളിലെ 55 ശതമാനം മാനേജ്മെന്‍റ്  സ്ഥാനങ്ങളിലും സ്വദേശികള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ഇഎഫ്ജി ഹേംസ് ഫിനാഷ്യല്‍ ഗ്രൂപ്പാണ് ഈ വിവരം പുറത്ത് വിട്ടത്. ബാങ്കുകള്‍ ഈ ശതമാനം കൂട്ടാനാണ് ലക്ഷ്യമിടുന്നതെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

കുവൈത്ത് ബാങ്കുകളുടെ 2020 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മാനേജ്മെന്‍റ് സ്ഥാനങ്ങളില്‍ 55 ശതമാനവും സ്വദേശികള്‍ തന്നെയാണുള്ളതെന്ന് വ്യക്തമാക്കുന്നത്. കെഎഫ്എച്ചിലും ബൗബ്യാനിലും ഇത് 70 ശതമാനമാണ്. ബാങ്കുകളില്‍ കുവൈത്തികളെ നിയമിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മേല്‍ത്തട്ടിലും മധ്യ സ്ഥാനങ്ങളിലും 70 ശതമാനവും കുവൈത്തികള്‍ തന്നെയാകണമെന്നാണ് നിര്‍ദേശം. എന്നാല്‍, ബാങ്കുകള്‍ ഇതിനായി ശ്രമിച്ചെങ്കിലും അതിന്‍റെ ഫലം പരിമിതമാണെന്ന് ഹേംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത സ്ഥാനങ്ങളില്‍ 70 ശതമാനവും കുവൈത്തികളെ തന്നെയാക്കാന്‍ ബാങ്കുകള്‍ ശ്രമം തുടരുന്നുണ്ട്. ഇതിനായി പ്രത്യേക ട്രെയിനിംഗ് അടക്കം നടത്തുകയും ചെയ്യുന്നുണ്ട്.

Related News