കൊല്ലപ്പെട്ട കുവൈത്തി സ്ത്രീക്കായി പ്രതിഷേധം ശക്തമാകുന്നു.

  • 23/04/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കുവൈത്തി സ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ദേശീയ അസംബ്ലിക്ക് മുന്നില്‍ അല്‍ ഇറാഡ സ്ക്വയറിലാണ് പ്രതിഷേധം നടന്നത്. 

ഫറാ അക്ബര്‍ എന്ന സ്ത്രീയെ പിന്തുടര്‍ന്ന് എത്തിയയാള്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വിവാഹാലോചന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാല്‍, രണ്ട് കേസുകള്‍ നിലവിലുണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. 

ഹീനമായ കുറ്റകൃത്യത്തെ ഉയര്‍ത്തിക്കാട്ടി സ്ത്രീകളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റകൃത്യത്തില്‍ അന്വേഷണം വേണമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി ഇനി ഇത്തരം കൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

കറുപ്പ് വേഷം ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ 'നിങ്ങളുടെ കൈകളില്‍ രക്തമാണ്', 'ഞങ്ങളെ കേള്‍ക്കാന്‍ നിങ്ങളുടെ മുന്നില്‍ മരിക്കണമോ' തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. 

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉടന്‍ ശിക്ഷ നല്‍കുന്നതിന് പ്രാധാന്യം കൊടുക്കണമെന്ന് എംപിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യവകാശ മേഖലയിലെ വിദഗ്ധര്‍ ഒരു പ്രത്യേക നിയമം കൊണ്ട് വരുന്നത് സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്.

Related News