കടുത്ത തൊഴിലാളി ക്ഷാമം നേരിട്ട് കുവൈത്ത്

  • 03/05/2021

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പ്രവാസി തൊഴിലാളികളുടെ പ്രവേശനം തടയുന്നത്  ബിസിനസ് മേഖലയെ ബാധിക്കുന്നു. സാമ്പത്തിക നഷ്ടത്തിന് പുറമെ കടുത്ത തൊഴിലാളി ക്ഷാമവും മേഖല നേരിടുകയാണ്. 

ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് സാധുവായ താമസ വിസയുള്ള ജീവനക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളോട് ബിസിനസ് ഉടമകള്‍ ആവശ്യപ്പെടുന്നുണ്ട്. താമസ വിസയുള്ള 350,000 പേര്‍ രാജ്യത്തിന് പുറത്തുണ്ടെന്നാണ് കണക്കുകള്‍. 

ലേബര്‍ മാര്‍ക്കറ്റില്‍ അര ദശലക്ഷം തൊഴിലാളികളുടെ കുറവാണ് 2020ല്‍ ഉണ്ടായിട്ടുള്ളത്. 150,000 പേര്‍ കുവൈത്ത് വിട്ടു പോയപ്പോള്‍ സാധുവായ താമസ വിസയുള്ള 350,000 പേര്‍ രാജ്യത്തിന് പുറത്തുമാണ്. അവരെ തിരിച്ച് കൊണ്ട് വരേണ്ടത് ഇപ്പോള്‍ അത്യാവശ്യമായിരിക്കുകയാണ്. എന്നാല്‍, ജനിതക മാറ്റം വന്ന കൊവിഡ് പല രാജ്യങ്ങളിലും പടരുന്നതാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ചൂണ്ടി കാണിക്കുന്നത്.

നിലവിലുള്ള വാക്സിന്‍ രണ്ട് ഡോസ് എടുത്താലും ജനിതക മാറ്റം വന്ന കൊവിഡിനെ തടുക്കുമെന്നതില്‍ വ്യക്തത വന്നിട്ടില്ല. ജനിതക മാറ്റം വന്ന വൈറസ് രാജ്യത്ത് എത്തുന്ന ഒഴിവാക്കാനാണ് പുറത്ത് നിന്നുള്ളവരെ തടയുന്നതെന്ന് ആരോഗ്യ മന്ത്രലായം വ്യക്തമാക്കി.

Related News