കുവൈത്തിൽ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ലിറിക്ക, ന്യൂറോണ്ടിന്‍ മരുന്നുകള്‍ ഉപയോഗിച്ചാല്‍ തടവ് ശിക്ഷ.

  • 03/05/2021

കുവൈത്ത് സിറ്റി: ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ വേദനസംഹാരി മരുന്നുകളായ ലിറക്കയും ന്യൂറോണ്ടിനും ഉപയോഗിച്ചാല്‍ കടുത്ത ശിക്ഷ. നിര്‍ദേശം ഇല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് വിലക്കിയതോടെ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. 

യുവാക്കളെ ലക്ഷ്യമിട്ട് വേദനസംഹാരി മരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നവരെ തടയുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ മരുന്നുകളുടെ അനധികൃത ഡീലർമാർക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷയാണ് നല്‍കുക. സാധാരണയായി നാഡി, പേശി വേദനകള്‍ക്കാണ് ഈ മരുന്ന് കുറിക്കാറുള്ളത്. 

ലിറിക്കയും ന്യൂറോണ്ടിനും വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളുടെ കൂട്ടത്തിലാണ് ഒരു വര്‍ഷം നീണ്ട പഠനത്തിന് ശേഷം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെയാണ് ഈ മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഡോക്ടര്‍മാര്‍ ഈ മരുന്നുകള്‍ കുറിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Related News