വിദേശികൾക്ക് മടങ്ങാൻ വിമാന സർവീസുകൾക്ക് അനുമതി നൽകി കുവൈത്ത്

  • 11/04/2020

കുവൈത്ത്: കുവൈത്തിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വേണ്ടി സർവീസ് നടത്താൻ വിമാനക്കമ്പനികൾക്കു അനുമതി നൽകണമെന്ന് മന്ത്രിസഭ നിർദേശം നൽകി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് വ്യോമയാന വകുപ്പിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. എല്ലാ വിമാനകമ്പനികൾക്കും കുവൈത്തിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾക്കു അനുമതി നൽകണമെന്നാണ് നിർദേശം. തുടർന്ന് ഇത് സംബന്ധമായ സർക്കുലർ കുവൈത്ത് ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കി.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് കുവൈത്ത് മന്ത്രിസഭ തീരുമാനം. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസ് വിലക്ക് തുടരും.

രാജ്യത്ത് 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമായി വന്നാൽ പൂർണ കർഫ്യൂ നടപ്പാക്കാനുള്ള കർമപദ്ധതി തയാറാക്കാനും പ്രത്യേക സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന കരാർ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്കു മന്ത്രിസഭ നിർദേശം നൽകിയതായും സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related News