ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നാളെ കുവൈത്തിലെത്തും.

  • 08/06/2021

കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍  നാളെ ജൂൺ 9 ന് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി  കുവൈത്തിലെത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തില്‍ വേരൂന്നിയ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം മന്ത്രി എസ് ജയശങ്കര്‍, അമീര്‍ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബര്‍ അൽ സബായ്ക്ക് കൈമാറുമെന്നാണ് ദില്ലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാ മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബര്‍ അൽ സബാ കഴിഞ്ഞ സെപ്റ്റംബറില്‍ ചുമതലയേറ്റ ശേഷം കുവൈത്ത് സന്ദര്‍ശിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉന്നത പ്രതിനിധിയാണ് എസ് ജയശങ്കര്‍. കുവൈത്ത് വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ്‌ ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബയുടെ ക്ഷണപ്രകാരമാണ് ജയശങ്കർ കുവൈത്തിൽ എത്തുന്നത്.

വ്യാപാരം, നിക്ഷേപം, എണ്ണ, പെട്രോകെമിക്കൽസ്, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ചയില്‍ മുമ്പ് തീരുമാനിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ഓക്സിജന്‍ ഉള്‍പ്പെടെ നല്‍കി കുവൈത്ത് ഒപ്പം ചേര്‍ന്നിരുന്നു.

Related News