ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം ; പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസി സമൂഹം

  • 08/06/2021

കുവൈത്ത് സിറ്റി : ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ കുവൈത്തിലെത്തും. വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് എസ്. ജയശങ്കര്‍  കുവൈത്ത്  സന്ദർശിക്കുന്നത് . ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളിലും മേഖലയിലും അന്താരാഷ്‍ട്ര തലത്തിലും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പൊതുവിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രി  ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് എസ്. ജയശങ്കര്‍ കുവൈത്തിലെത്തുന്നത്. കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യക്ക്​ നല്‍കുന്ന ​ മെഡിക്കൽ സഹായം  തുടരുന്നനിടെയാണ് വിദേശകാര്യ മന്ത്രിയുടെ കുവൈത്ത്  സന്ദര്‍ശനം.ആഗോള തലത്തില്‍ തന്നെ കോവിഡ് രൂക്ഷമായപ്പോള്‍  ആദ്യം സഹായം വാഗ്​ദാനം ചെയ്​ത രാജ്യങ്ങളിലൊന്നാണ്​ കുവൈത്ത്. 2800 മെട്രിക്​ ടൺ ഓക്​സിജനും ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കറുകളും  ഓക്​സിജൻ സിലിണ്ടറുകളും ഓക്​സിജൻ കോൺസെൻട്രേറ്ററുകളുമാണ്​ വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന്​ കൊണ്ടുപോയത്​.

പത്ത്  ലക്ഷത്തിലധികം ഇന്ത്യക്കാര്‍ താമസിക്കുന്ന കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക്  ഏര്‍പ്പെടുത്തിയ യാത്ര നിരോധനവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു  ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ 34  രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്കുള്ള  വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യാത്ര നിരോധനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പ്രവാസികളാണ് തിരികെ മടങ്ങനാകാതെ നാട്ടില്‍ കുടുങ്ങി കിടക്കുന്നത്. കോവിഷീൽഡ്‌ വാക്സിന്‍ സ്വീകരിച്ച് കുവൈത്തിലേക്ക്  തിരികെ വരുന്ന ഇന്ത്യന്‍  പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളും മന്ത്രി തല കൂടികാഴ്ചയില്‍ ചര്‍ച്ചയാകും . 

ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്, ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക, മോ​ഡേ​ണ, ജോ​ൺ​സ​ൺ ആ​ൻ​ഡ്​ ജോ​ൺ​സ​ൺ തുടങ്ങീ അം​ഗീ​കൃ​ത വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ കു​വൈ​ത്ത്​ ക്വാ​റ​ൻ​റീ​ൻ ഇ​ള​വ്​ ന​ൽ​കു​ന്ന​ത്. ഓ​ക്​​സ്​​ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല രൂ​പം ന​ൽ​കി ആ​സ്​​ട്ര​സെ​ന​ക ക​മ്പ​നി നി​ർ​മി​ക്കു​ന്ന വാ​ക്​​സി​ൻ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ര​ണ്ടു​ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന​താ​ണ്​ പ്രതിസന്ധിക്ക് കാരണമായത്. അതോടപ്പം താമസ രേഖ പുതുക്കൽ പ്രതിസന്ധിയിലായ എൻജിനീയർമാർ, ഗാർഹികത്തൊഴിലാളികൾ തുടങ്ങി കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് കരുതുന്നത് 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കത്ത് കുവൈത്ത് അമീറിന്  വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൈമാറും. കുവൈത്തും ഇന്ത്യയും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഡ്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ മെഡിക്കൽ സഹായം നൽകിയ കുവൈത്തിനോടുള്ള നന്ദി നേരത്തെ ഡോ. എസ്​. ജയശങ്കർ അറിയിച്ചിരുന്നു. മന്ത്രിതല സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തിപ്പെടുന്നത്​  ഇന്ത്യന്‍ സമൂഹം ആശ്വാസത്തോടെയാണ് നോക്കികാണുന്നത്.   

Related News