ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഗാര്‍ഹിക തൊഴിലാളി കരാര്‍ ചരിത്രപരമായ മുന്നേറ്റമാണെന്ന് അംബാസിഡര്‍ സിബി ജോര്‍ജ്ജ്

  • 15/06/2021


കുവൈത്ത് സിറ്റി : ഇന്ത്യയും കുവൈത്തും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹിക തൊഴിലാളി കരാര്‍ ചരിത്രപരമായ മുന്നേറ്റമാണെന്നും  ഇരുരാജ്യങ്ങളുടേയും  ഉത്തരവാദിത്തങ്ങളിൽ സുതാര്യത കൈവരിക്കാനിത്  സഹായിക്കുമെന്നും അംബാസിഡര്‍ സിബി ജോര്‍ജ്ജ് വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ഇന്ന് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുവൈത്തില്‍ ഏകദേശം മൂന്നര ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 70 ശതമാനം പുരുഷന്‍മാരും  30 ശതമാനം സ്തീകളുമുള്ള വീട്ട് ജോലിക്കാരില്‍  കൂടുതല്‍ പേരും ആന്ധ്ര , കേരള സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇപ്പോയത്തെ ചൂഷണത്തില്‍ നിന്നും  ഗാര്‍ഹിക തൊഴിൽനിയമത്തിന്റെ പരിരക്ഷയിലേയ്ക്ക് വീട്ട് ജോലിക്കാര്‍ മാറുമെന്നതാകും കരാർ വഴി ലഭിക്കുന്ന വലിയ നേട്ടം. 

കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്‍റെ സാന്നിധ്യത്തില്‍ ധാരണ പത്രം ഒപ്പ് വെച്ചത്. ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ അവകാശ സം‌രക്ഷണ വിഷയത്തിൽ സുപ്രധാന നേട്ടമാണ് ഗാര്‍ഹിക കരാരെന്നും അടുത്ത ദിവസങ്ങള്‍ക്കുളില്‍ തന്നെ എംബസ്സി വെബ്സൈറ്റ് വഴി  ധാരണ പത്രം  പ്രസിദ്ധീകരിക്കുമെന്നും അംബാസിഡര്‍ അറിയിച്ചു.  പതിറ്റാണ്ടുകളായി ചൂഷണത്തിന് വിധേയമായി കൊണ്ടിരുന്ന വീട്ട് ജോലിക്കാര്‍ക്ക് ഗാര്‍ഹിക തൊഴിലാളി കരാര്‍ പ്രകാരം നിയമത്തിന്‍റെ പൂര്‍ണ്ണ പരിരക്ഷ ലഭിക്കും. കരാര്‍ നിബന്ധന പ്രകാരം  തൊഴിലാളിയുടെ പേരിൽ സ്പോണ്‍സര്‍  ബാങ്കുകളില്‍ സാലറി അക്കൌണ്ട് ആരംഭിക്കുകയും  എല്ലാ മാസവസാനവും  ശമ്പളം തൊഴിലാളിയുടെ അക്കൗണ്ടിൽ  നിക്ഷേപിക്കുകയും ചെയ്യണം. പ്രതിദിനം എട്ട് മണിക്കൂറില്‍ കുറയാത്ത തുടര്‍ച്ചയായ വിശ്രമം തൊഴിലാളിക്ക് അനുവദിക്കണം. 

തൊഴിലാളിക്ക് ആരോഗ്യ പ്രശ്നമുണ്ടാകുമ്പോള്‍ ചികത്സാ ചിലവ് തൊഴിലുടമ വഹിക്കണം    അതോടപ്പം സൗജന്യ ആരോഗ്യ, അപകട ഇൻഷുറൻസ്‌ നല്‍കണം. ജോലി നല്‍കുന്നതിന്‍റെ ഭാഗമായി പ്രത്യേക തുക ഈടക്കുവാന്‍ ഏജന്‍സികളെ അനുവദിക്കില്ലെന്നും ഇത്തരം വിഷയങ്ങള്‍ നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും അംബാസിഡര്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി 24 മണിക്കൂറും ലഭ്യമായ ഹെല്‍പ്പ്ഡെസ്ക് എംബസ്സിയിലും കുവൈത്ത് സര്‍ക്കാരിന്‍റെ കീഴിലും ആരംഭിക്കും.  തൊഴിലുടമയുമായി തര്‍ക്കത്തിലാകുന്ന ഗാര്‍ഹിക തൊഴിലാളികളെ താമസിപ്പിക്കുവാനായി എംബസ്സിയുടെ നേതൃത്വത്തില്‍ രണ്ട് ഷെല്‍റ്ററുകളാണ് രാജ്യത്തുള്ളത്.സ്ത്രീകളുടെ ഷെല്‍ട്ടറില്‍ ഒമ്പത് പേരും പുരുഷന്മാരുടെ ഷെല്‍ട്ടറില്‍ മൂന്ന് അന്തേവാസികളുമാണ് നിലവിലുള്ളത്.  കേസുകളുടെ പുരോഗതി അനുസരിച്ച് കഴിവതും വേഗത്തില്‍  പൌരന്മാരെ നാട്ടിലെത്തിക്കുകയാണ് പതിവെന്നും ഗാര്‍ഹിക തൊഴിലിടങ്ങളിൽ പ്രശ്നം നേരിടുന്നവർ ഷെൽട്ടറുകളിലേക്ക്‌ വരാൻ മടിച്ചു നിൽക്കേണ്ടതില്ലെന്നും  സിബി ജോര്‍ജ്ജ് പറഞ്ഞു. 

കരാറിന് പുറത്ത് ഇരു കക്ഷികളും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഗാര്‍ഹിക തൊഴിലാളിക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കും. തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകുന്നത് വരെ കരാര്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ഗാര്‍ഹിക തൊഴിലാളിക്ക് ലഭ്യമാകും. നൂറ് ദിനാറാണ് ഏറ്റവും കുറഞ്ഞ കൂലിയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ കരാറിലെ വ്യവസ്ഥകൾ പ്രകാരം വാര്‍ഷികാവധിക്ക് പോകുന്ന തൊഴിലാളിക്ക് ശമ്പളത്തോടുള്ള അവധിക്ക് അര്‍ഹനാണ്.  തൊഴില്‍ ദാതാവിനും ഗാർഹിക തൊഴിലാളികൾക്കും ഇടയിൽ സമത്വം ഉറപ്പാക്കുന്നതാണ് പുതിയ കരാറെന്ന് അംബാസിഡര്‍ പറഞ്ഞു. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട്  ഇന്ത്യയിലെ ഇമിഗ്രേഷൻ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഏജന്റുമാർക്ക് എതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സ്ഥാനപതി മുന്നറിയിപ്പ് നൽകി. 

Related News