പറക്കുന്നതിനിടെ വിമാനത്തില്‍ പാമ്പ്! പരിഭ്രാന്തരായി യാത്രക്കാര്‍, വീഡിയോ

  • 14/02/2022

പറക്കുന്ന വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടാലോ? ഓടി രക്ഷപ്പെടാന്‍ പോലുമാകാതെ നിസ്സഹായരായിപ്പോകും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് മലേഷ്യയിൽ ഒരു വിമാനത്തിൽ കയറിയ യാത്രക്കാർ കഴിഞ്ഞ ദിവസം കടന്നു പോയത്. കോലാലംപൂരിൽ നിന്നു ടവൗവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ എ320-200 എന്ന വിമാനത്തിലാണ് പാമ്പ് കയറിക്കൂടിയത്. 

വിമാനത്തിൽ പാമ്പ് എങ്ങനെ കയറിക്കൂടി എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല. യാത്രക്കാരിൽ ആരുടെയെങ്കിലും ബാഗിൽ പതുങ്ങിയിരുന്നതോ അല്ലെങ്കിൽ  വിമാനം പറന്നുയർന്നതിനുമുമ്പ് വിമാനത്താവളത്തിൽ നിന്നും കയറിക്കൂടിയതോ ആകാം എന്നാണ് കരുതുന്നത്. എയർക്രാഫ്റ്റിന് മുകൾ തട്ടിൽ വെളിച്ചം കടന്നുവരുന്ന ഭാഗത്താണ് പാമ്പിനെ കണ്ടെത്തിയത്. ഹനാ മോഹ്സിൻ ഖാൻ എന്ന പൈലറ്റാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വൈറലാകുകയായിരുന്നു.

പാമ്പിനെ കണ്ടതോടെ യാത്രക്കാർ എല്ലാം പേടിച്ചു. പുറത്തിറങ്ങാനാവാത്ത നിലയിൽ ഇരിക്കുന്നിടത്തുനിന്നും പാമ്പ് അനങ്ങുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു എല്ലാ യാത്രക്കാരും. വിമാനത്തില്‍ കയറിയത് ഏത് ഇനത്തില്‍പ്പെട്ട പാമ്പാണെന്ന് വ്യക്തമല്ല. ഒടുവിൽ  മറ്റൊരു വിമാനത്താവളത്തിലേക്ക്  വിമാനം ഇറക്കേണ്ടി വന്നു. ഈ സമയം മുഴുവനും പാമ്പ് വിമാനത്തില്‍ അനങ്ങാതെ കിടക്കുകയായിരുന്നു. 

Related News