റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ മേലുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 26/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുടെ ദൗർലഭ്യം കണക്കിലെടുത്തും നിയമം ലംഘിച്ച് താൽക്കാലിക തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യം വ്യാപകമായതോടെയും ലേബര്‍ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ മേലുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കാന്‍ വാണിജ്യ മന്ത്രാലയം. സാഹചര്യങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് ഈ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ വര്‍ധിച്ചതോടെയാണ് മന്ത്രാലയം ഇടപെടല്‍ നടത്തുന്നത്. താൽക്കാലിക തൊഴിലാളികൾ അവരുടെ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടുന്നത് തടയാൻ പ്രവർത്തിക്കുന്നതിനൊപ്പം ഒരു വശത്ത് ലേബർ റിക്രൂട്ട്‌മെന്റിന്റെ ചെലവ് കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുകയുമാണ് റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ ചെയ്യുന്നത്.

ഇന്നലെ ഹവല്ലി പ്രദേശത്തെ ഗാര്‍ഹിക തൊഴിലാളി ലേബര്‍ ഓഫീസുകളില്‍ വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്സല്‍ കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തിയിരുന്നു. മന്ത്രിതല നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണോ ലേബര്‍ ഓഫീസുകള്‍ റിക്രൂട്ട്മെന്‍റിന് ചെലവ് ഈടാക്കുന്നത് എന്നറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന. റിക്രൂട്ട്മെന്‍റ് ചെലവായി 890 ദിനാറില്‍ കൂടുതല്‍ ഈടാക്കരുതെന്നാണ് വാണിജ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 

ഈ നിബന്ധന പാലിക്കുന്നില്ലെന്ന ഏതൊരു പരാതിക്കുമെതിരെ അതിവേഗ നടപടിയുണ്ടാകുമെന്ന് വാണിജ്യ മന്ത്രാലയത്തിലെ എമര്‍ജന്‍സി ടീം തലവന്‍ അഹമ്മദ് അല്‍ ഇസ്സാ പറഞ്ഞു. ഓഫീസ് അടച്ച് പൂട്ടുന്നതും ലൈസന്‍സ് റദ്ദ് ചെയ്യുന്നതും അടക്കമുള്ള കടുത്ത നടപടികളാണ് നിയമലംഘനം നടത്തുന്ന ലേബര്‍ ഓഫീസുകള്‍ക്കെതിരെ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News