ആയിരത്തോളം ഇന്ത്യൻ നഴ്സുമാർക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ നിയമനം ലഭിക്കും

  • 15/05/2022


കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് ബന്ധത്തെയും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ സഹകരണത്തെയും പ്രശംസിച്ച് രാജ്യത്തെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. കൊവിഡ് കാലഘട്ടത്തിൽ, പ്രത്യേകിച്ച് മഹാമാരിയെ ചെറുക്കുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവുംസംയുക്ത പ്രവർത്തനവും മികച്ചതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയിലെ ഇന്ത്യ-കുവൈത്ത് ബന്ധം ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിക്കുകയാണ്. നിരവധി ഇന്ത്യൻ നഴ്സുമാരാണ് കുവൈത്ത് ആരോഗ്യ മേഖലയിലേക്ക് കടന്ന് വന്നത്. 

ആയിരത്തോളം ഇന്ത്യൻ നഴ്സുമാർക്ക് കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ നിയമനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഇന്ത്യൻ നഴ്‌സുമാരുടെ തൊഴിൽ വർധിപ്പിക്കുന്നതിന് ഉചിതമായ വഴികളും മാർഗങ്ങളും കണ്ടെത്താനും എംബസിയുടെ ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷം ചേർന്ന ആരോഗ്യ മേഖലയിലെ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ യോഗത്തെ പരാമർശിച്ച അദ്ദേഹം അടുത്ത യോഗത്തിന്റെ തീയതി ഉടൻ ചർച്ച ചെയ്യുമെന്നും വിശദീകരിച്ചു. ഇപ്പോൾ വിസ നടപടിക്രമങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. എംബസിയുടെ കോൺസുലാർ വിഭാഗം 24 മണിക്കൂറിനുള്ളിൽ വിസകൾ നൽകുന്നുണ്ട്.

അതേ സമയം, ഇന്ത്യ സന്ദർശിക്കുന്ന കുവൈത്തികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും സിബി ജോർജ് പറഞ്ഞു. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ധാരണാപത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും സ്ഥാനപതി സംസാരിച്ചു. ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വരും ആഴ്ചകളിൽ കുവൈത്ത് അധികൃതരുമായി കൂടിക്കാഴ്ച നടത്തും. വിദ്യാഭാസ മേഖലയിലെ ഇന്ത്യ-കുവൈത്ത് ബന്ധത്തെ ശക്തപ്പെടുത്താനും പരിശ്രമങ്ങൾ നടക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സിബി ജോർജ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News