രേഖകളില്ലാത്ത പ്രവാസികളെ പിടികൂടാന്‍ പരിശോധന; നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി

  • 02/07/2022



മനാമ: ബഹ്റൈനില്‍ മതിയായ രേഖകളില്ലാതെയും നിയമ വിരുദ്ധമായും ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി അധികൃതര്‍ പരിശോധന തുടങ്ങി. ദക്ഷിണ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം ലേബര്‍ ഇന്‍സ്‍പെക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയത്. നിയമ ലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചിട്ടുണ്ട്. 

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി ഉദ്യോഗസ്ഥരും മറ്റ് വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പരിശോധകരുമാണ് കഴിഞ്ഞ ദിവസം ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള വര്‍ക്ക് സൈറ്റുകളില്‍ ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയത്. തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് അതുപയോഗിച്ച് വിവരങ്ങള്‍ പരിശോധിച്ചു. 

തൊഴില്‍ വിപണി സംബന്ധമായതും ഇമിഗ്രേഷന്‍ നിയമങ്ങളുടേത് ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തു.

Related News