ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂൾ സൂപ്പർ മെഗാ കാർണിവൽ ജനുവരി 27 ന്

  • 25/01/2023


കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൻറെ ഏറ്റവും വലിയ ഉത്സവമായി മാറിയ ഇന്ത്യൻ കമ്മുണിറ്റി സ്കൂൾ കാർണിവൽ അതിൻറെ 18 -ാമത്തെ പതിപ്പ് സൂപ്പർ മെഗാ കാർണിവലായി കൊണ്ടാടുന്നു. ജനുവരി 27 വെള്ളിയാഴ്ച്ച സീനിയർ ബ്രാഞ്ചിൽ രാവിലെ 9 മണിക്ക് ബഹു. ജപ്പാൻ സ്ഥാനപതി HE മോറിനോ യസുനാരി ഉദ്ഘാടനം ചെയ്യും. കുവൈറ്റിലെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

രാത്രി 9 മണി വരെ പന്ത്രണ്ടു മണിക്കൂർ മുഴുനീള വിനോദ പരിപാടികളുമായി ഇന്ത്യൻ വംശജർക്ക് പ്രായ - ഭാഷാ ഭേദമന്യേ ആസ്വദിക്കാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത ഹിന്ദി സിനിമാ - ടെലിവിഷൻ ഹാസ്യ താരവും 2019 ലെ ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. കിക്കു ഷാർദ അവതരിപ്പിക്കുന്ന ഹാസ്യാധിഷ്ഠിത പരിപാടി, ശ്രീ. പാർസൺ അവതരിപ്പിക്കുന്ന മാസ്മരിക - വിസ്മയ പ്രകടനങ്ങൾ, പ്രശസ്ത ടെലിവിഷൻ ഷോയിലൂടെ ലോകത്തിൻറെ ഹൃദയം കവർന്ന ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൻറെ സ്വന്തം ഗായിക കുമാരി. റൂത് ആൻ ടോബിയും സംഘവും അവതരിപ്പിക്കുന്ന ഹൃദ്യമായ സംഗീത വിരുന്ന് തുടങ്ങിയവ വേദിയെ ആനന്ദസാഗരത്തിൽ ആറാടിക്കുമെന്നുറപ്പ്. കൂടാതെ, താനൂറാ (ഈജിപ്ഷ്യൻ), ലംബാഡി (ആന്ധ്രാപ്രദേശിൽ നിന്നുള്ള ബൻജാര നാടോടി നൃത്തം), അറേബ്യൻ, ബോളിവുഡ്, ഗർബാ, ഹരിയാൻവി, ഗുജറാത്തി, രാജസ്ഥാനി, ഡാൻഡിയ, പഞ്ചാബി, സൂമ്പാ, ലേസർ, ടൈഗർ, ഫ്ലെമിംഗോ നൃത്തങ്ങളും റെനെഗേഡ് ഡാൻസ് അക്കാഡമി, സീറോ ഗ്രാവിറ്റി തുടങ്ങിയവരുടെ നൃത്ത സംഘങ്ങളുടെ നൃത്തങ്ങളും പാശ്ചാത്യ നൃത്ത രൂപങ്ങളും വിവിധ സംഗീത പരിപാടികളും അവതരിപ്പിക്കും.
കലാ - കായിക വിനോദ പരിപാടികൾക്കു പുറമേ, സന്ദർശകർക്കായി പലവിധ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന ഫാഷൻ ഷോ, മൈലാഞ്ചിയിടീൽ മത്സരങ്ങളും തംബോലയും ആകർഷകമായ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയുടെ പരിച്‌ഛേദമായി വിന്ന്യസിക്കുന്ന വൈവിധ്യം തുളുമ്പുന്ന ഭക്ഷണ ശാലകളും വിവിധ ബ്രാൻഡുകളുടെ ആദായ വിൽപ്പന സ്റ്റാളുകളും ഇന്ത്യൻ കാർണിവൽ അനുഭവം അവാച്യമാക്കും. വൈകുന്നേരം 4:00 നും 7:30 നും നടക്കുന്ന മെഗാ റാഫിൾ നറുക്കെടുപ്പിൽ ജംബോ സമ്മാനങ്ങൾ നേടാൻ കഴിയും. ഒന്നാം സമ്മാനം 50 ഗ്രാം സ്വർണമാണ്, കൂടാതെ 49 ആകർഷകമായ സമ്മാനങ്ങളും ഉണ്ട്.

മുപ്പതിനായിരത്തിൽ പരം ഇന്ത്യക്കാർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ സൂപ്പർ മെഗാ കാർണിവൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സ്കൂൾ എൻഡോവ്മെൻറ് ഫണ്ടിൻറെ വിഭവസമാഹരണത്തിനാണ് ഊന്നൽ കൊടുക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനും തുടർ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി വിനിയോഗിക്കുന്ന എൻഡോവ്മെൻറ് ഫണ്ടിലേക്ക് ഹൃദയപൂർവ്വം സംഭാവനകൾ ചെയ്യാനുള്ള അവസരമാണ് ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ - കുവൈറ്റ്, സൂപ്പർ മെഗാ കാർണിവലിലൂടെ ഒരുക്കുന്നത്. ഈ മഹത്തായ സംരംഭം എല്ലാ സമൂഹാംഗങ്ങളും സർവാത്മനാ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഐ. സി. എസ്. കെ. പ്രിൻസിപ്പാളും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ അഭ്യർത്ഥിച്ചു.

Related News