കുവൈറ്റിലെ ഇന്ത്യക്കാർക്ക് മഹോത്സവമായി ഐ. സി. എസ്. കെ. സൂപ്പർ മെഗാ കാർണിവൽ

  • 02/02/2023



കുവൈറ്റിലെ ഇന്ത്യക്കാർക്ക് മഹോത്സവമായി ഐ. സി. എസ്. കെ. സൂപ്പർ മെഗാ കാർണിവൽ 
റിപ്പബ്ലിക് ദിന പിറ്റേന്ന് കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ഇരട്ടി ആവേശം പകർന്ന് ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ - കുവൈറ്റ്, 18 ാമത് സൂപ്പർ മെഗാ കാർണിവൽ സാൽമിയ സീനിയർ സ്കൂൾ അങ്കണത്തിൽ ജനുവരി 27 വെള്ളിയാഴ്ച്ച നടന്നു. 

കുവൈറ്റിലെ ജപ്പാൻ അംബാസഡർ (HE) മോറിനോ യാസുനാരി മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ഹാസ്യനടനും ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ കിക്കു ശാരദ വിശിഷ്ടാതിഥിയായിരുന്നു. വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള കുട്ടികളുടെ കലാപ്രകടനങ്ങളും മാജിക് ഷോ, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങളും രാത്രി ഒൻപതു മണി വരെ നീണ്ട മുഴുദിന മാമാങ്കത്തെ അവിസ്മരണീയമാക്കി. അൻപതിനായിരത്തിൽ പരം ഇന്ത്യക്കാർ സൂപ്പർ മെഗാ കാർണിവലിൽ ഭാഗഭാക്കായി.

മുഖ്യാതിഥിയെ പ്രിൻസിപ്പാളും ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളും ചേർന്നു സ്വീകരിച്ചു. ജൂനിയർ സ്കൂളിലെ കുട്ടികൾ പരമ്പരാഗത ജാപ്പനീസ് വേഷമായ കിമോണയിൽ ജാപ്പനീസ് ആയോധന കലയായ കരാട്ടേ ചുവടുകളുമായി അകമ്പടിയേകി. മാസ്റ്റർ. അഹമ്മദ് ഷൌക്കത്തിൻറെ ഇസ്ലാമിക പ്രാർത്ഥനക്കു ശേഷം കുവൈറ്റിൻറെയും ജപ്പാൻറെയും ദേശീയ ഗാനങ്ങൾ മുഴങ്ങിയപ്പോൾ സദസ് ആദരവോടെ എഴുന്നേറ്റു നിന്നു.
ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ പ്രിൻസിപ്പാളും സീനിയർ അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. വി.ബിനുമോൻ എല്ലാവരെയും സ്വാഗതം ചെയ്തു. പ്രകൃതി ചൊരിയുന്ന ഊർജ്ജം ജീവിതത്തിലേക്ക് ആവാഹിച്ച് ഉന്നതിയുടെ പടവുകൾ ചവിട്ടി ഉയരങ്ങളിലെത്താൻ എല്ലാവർക്കും കഴിയട്ടേയെന്നു അദ്ദേഹം ആശംസിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ ഉന്നതിക്കായി മികച്ച പ്രവർത്തനങ്ങൾക്ക് മാതൃകയായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൻറെ ദീപശിഖാ വാഹകനായ ഡോ. വി. ബിനുമോൻ ഇത്തരമൊരു കാർണിവലിനു ആതിഥ്യം വഹിക്കുന്നതിൻറെ ആവേശം മറച്ചുവെച്ചില്ല. 

കുവൈറ്റിലെ ജപ്പാൻ അംബാസഡർ (HE) മോറിനോ യാസുനാരി, കാർണിവൽ ലോഗോയിൽ ഓട്ടോഗ്രാഫ് രേഖപ്പെടുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സൂപ്പർ മെഗാ കാർണിവലിന്റെ സംഘാടക മികവിനെ അദ്ദേഹം അഭിനന്ദിക്കുകയും ഇത്തരമൊരു മഹാ സംഗമം നടത്തുന്നതിന്റെ ലക്ഷ്യങ്ങളെ വിലമതിക്കുകയും ചെയ്തു. മറ്റുള്ളവരെ കുറിച്ചും സമഭാവനയോടെ ചിന്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അർഹരെയും ആശ്രയഹീനരേയും സഹായിക്കാനുള്ള ഉദ്യമങ്ങളിലൂടെ ലോകമെമ്പാടും സമാധാനവും ഐക്യവും പുലരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തന്നെ മുഖ്യാതിഥിയായി ക്ഷണിച്ചതിലുള്ള നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

വിശിഷ്ടാതിഥിയായിരുന്ന ശ്രീ കിക്കു ശാരദ തന്റെ തമാശകളാൽ സദസ്സിനെ രസിപ്പിച്ചു. ഇത്തരമൊരു മഹത്തായ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പതിനെട്ടാമത് സൂപ്പർ മെഗാ കാർണിവൽ സുവനീർ അദ്ദേഹം ഔദ്യോഗികമായി പ്രകാശനം ചെയ്തു. തുടർന്ന് ഐസിഎസ്‌കെ ജൂനിയർ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടികൾ അരങ്ങേറി. 

മുഖ്യാതിഥിയെയും വിശിഷ്ടാതിഥിയെയും വിദ്യാലയത്തിനുവേണ്ടി ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ഷെയ്ക് അബ്ദുൽ റഹ്മാൻ സ്‌നേഹസൂചകമായി ആദരിച്ചു. മെഗാ, പ്ലാറ്റിനം, ഗോൾഡ്, സിൽവർ സ്പോൺസർമാർക്ക് നന്ദി സൂചകമായി മെമന്റോകൾ സമ്മാനിച്ചു.
ഇന്തോ-ജാപ്പനീസ് സംസ്കാരത്തിന്റെ വിസ്മയകരമായ സമന്വയം ഘോഷയാത്രയുടെ രൂപത്തിൽ ഐസിഎസ്‌കെ ജൂനിയറിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ചെട്ടിയാർ ഗൊലു പാവകളെയും ജാപ്പനീസ് പരമ്പരാഗത പാവകളെയും സമാനതകളോടെ അണിനിരത്തിയ ടാബ്ലോ, ഇന്തോ ജാപ്പനീസ് കലാ സാംസ്കാരിക സമന്വയം ദ്യോതിപ്പിച്ച വിവിധ നൃത്തരൂപങ്ങൾ, കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ ഉൾപ്പടെ അവർ അവതരിപ്പിച്ചു. 

"ഫാമിലി ഫാഷനിസ്റ്റ", ഫാഷൻ ഷോ മത്സരം, "മെഹന്ദി മത്സരം" എന്നിവ ആഘോഷങ്ങൾക്ക് നിറം പകർന്നു. കൗതുകകരമായ ഗെയിമുകളുടെ വൈവിധ്യങ്ങൾ കുട്ടികളെ ആവേശഭരിതരാക്കി. തംബോല തുടങ്ങിയ ആവേശകരമായ മത്സരങ്ങളിൽ മുതിർന്നവരും പങ്കെടുത്തു. വിജയികൾ ആകർഷകമായ സമ്മാനങ്ങൾ കരസ്ഥമാക്കി.

പ്രശസ്ത ഹാസ്യനടൻ ശ്രീ. കിക്കു ശാർദയുടെ കോമഡി എക്‌സ്‌ട്രാവാഗൻസ, മജീഷ്യൻ പാർസൺ അവതരിപ്പിച്ച മാന്ത്രിക പ്രകടനങ്ങൾ, വിസിൽ പെർഫോമൻസ്, ഷൊയെബ്‌ അഹ്‌മദും റൂത്ത് ആൻ ടോബിയും ചേർന്ന് പാടിയ ഇന്ത്യൻ - അറബിക് - പാശ്ചാത്യ സംഗീതവും കാണികളുടെ മനം കവർന്നു. ലേസർ, തനൂറാ, ലംബാഡി, അറബിക്, ഗർബാ, ഹരിയാൻവി, ഗുജറാത്തി, പഞ്ചാബി, രാജസ്ഥാനി, ബോളിവുഡ്, വെസ്റ്റേൺ ഫ്യൂഷൻ നൃത്തങ്ങളും റെനെഗേഡ് ഡാൻസ് അക്കാദമിയുടെ ബോളിവുഡ്, സീറോ ഗ്രാവിറ്റി, ഡാൻഡിയ, സുംബ, ടൈഗർ, ഫ്ലമിംഗോ ഡാൻസ് തുടങ്ങിയവയും തിങ്ങിനിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ചു.

സ്കൂൾ അങ്കണത്തിൻറെ ഒരു ഭാഗം ഗ്രാമീണ മേളയായി രൂപാന്തരപ്പെട്ടു. നിരവധി ഭക്ഷണ ശാലകളാൽ കാമ്പസ് നിറഞ്ഞിരുന്നു. വൈവിധ്യമാർന്ന ഭക്ഷണ സംസ്കാരങ്ങൾ പരിചയിക്കാനും ആസ്വദിക്കാനും മേളയിൽ എത്തിയവർ പ്രത്യേകം താൽപ്പര്യം കാണിച്ചു. വൈവിധ്യമാർന്ന തുണിത്തരങ്ങൾ, ഫാഷൻ അക്‌സെസ്സറികൾ, നിത്യോപയോഗ സാധനങ്ങൾ, കൗതുക വസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന പൊതു സ്റ്റാളുകളുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു.

ഹിപ് ഹോപ്പ്, പോപ്പ്, ബോളിവുഡ് ഗാനങ്ങളും ലൈറ്റിംഗ് സജ്ജീകരണങ്ങളും ഡിജെ ഹൗസിനെ ത്രസിപ്പിച്ചു. ഡിജെയുടെ ഏറ്റവും പുതിയ മിക്‌സുകൾക്കായി ആസ്വാദകർ ആർത്തുവിളിച്ചു. നല്ല അന്തരീക്ഷത്തിൽ എല്ലാ ഡിജെ ഷോകളും ഹൗസ് ഫുൾ ആയിരുന്നു. കാര്ണിവലിൻറെ മുഖ്യാകർഷണമായി യുവാക്കൾക്ക് ഡീജെ ഹൗസ് മാറി.

ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശ്രീ. ഷെയ്ക് അബ്ദുൾ റഹിമാൻ, ഓണററി സെക്രട്ടറി ശ്രീ. അസ്ഹറുദ്ദീൻ അമീർ മുഹമ്മദ്, ഓണററി വൈസ് ചെയർമാൻ ശ്രീ. വിനുകുമാർ നായർ, ജാബ്രിയ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അച്യുതൻ മാധവ്, സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അനീസ് അഹമ്മദ്, ഗൾഫ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ്, യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. രാധാകൃഷ്ണൻ സി, കുവൈറ്റ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി. സബഹത്ത് ഖാൻ, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി. അനിത സദാനന്ദ്, ഐസിഎസ്‌കെ ഖൈത്താൻ പ്രിൻസിപ്പൽ ശ്രീ.ഗംഗാധർ ഷിർസാത്ത്, ഐസിഎസ്‌കെ അമ്മാൻ പ്രിൻസിപ്പൽ ശ്രീ. രാജേഷ് നായർ, ഐസിഎസ്‌കെ ജൂനിയർ പ്രിൻസിപ്പൽ ശ്രീമതി. ഷീജ സി, ഐസിഎസ്‌കെയുടെ വിവിധ ശാഖകളിൽ നിന്നുള്ള വൈസ് പ്രിൻസിപ്പൽമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പ്രിൻസിപ്പൽ ശ്രീമതി. ഷെർലി ഡെന്നിസ് നന്ദി പറഞ്ഞു.

സൂപ്പർ മെഗാ കാർണിവലിന്റെ മോഹന വാഗ്‌ദാനമായ മെഗാ റാഫിൾ നറുക്കെടുപ്പ് വൈകിട്ട് 4.00നും 7.30നും നടന്നു. ഒന്നാം സമ്മാനമായ 50 ഗ്രാം സ്വർണം അബ്ദുൾ മാലിക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 10 ഗ്രാം സ്വർണം രോഹിത് രത്തൻ നേടി. മൂന്നാം സമ്മാനമായ 125 കെഡി ഗിഫ്റ്റ് വൗച്ചർ കാവ്യ കുമാരിക്ക് ലഭിച്ചു. മറ്റ് 47 ആകർഷകമായ സമ്മാനങ്ങൾക്കും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്തി.

ഡോ. വി. ബിനുമോൻറെ വാക്കുകൾ: "ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ കുവൈറ്റ് മെഗാ കാർണിവൽ, മഹത്തായ ഒരു സാമൂഹ്യക്ഷേമ പ്രവർത്തനത്തിൻറെ ധനശേഖരണാർത്ഥമാണ് നടത്തപ്പെടുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു തുകയാണ് ഈ വിദ്യാലയം ഓരോ വർഷവും ചെലവിടുന്നത്. കൂടാതെ, സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം തുടരാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഈ ക്ഷേമനിധി സഹായിക്കും. ഈ മഹത്തായ ഉദ്യമത്തിന് പിന്തുണയുമായി രംഗത്തെത്തിയ എല്ലാവരേയും സ്‌കൂൾ ആദരവോടെ സ്‌മരിക്കും.  

അളവറ്റ പിന്തുണയുമായി കൂടെ നിന്ന എല്ലാ സ്പോണ്സർമാരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു." മുഴുവൻ പരിപാടികളുടെയും സമ്പൂർണ്ണ വിജയം, തിരശ്ശീലയ്ക്കു മുന്നിലും പിന്നിലും അഹോരാത്രം പണിയെടുത്ത മാനേജ്മെൻറ്, അഡ്‌മിനിസ്‌ട്രേഷൻ - അദ്ധ്യാപക - അനദ്ധ്യാപക ജീവനക്കാരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷാകർത്താക്കളുടെയും, സ്ഥാപനത്തോടു ചേർന്ന് നിൽക്കുന്ന മറ്റുള്ളവരുടെയും ഒരേ മനസ്സോടെയുള്ള സഹകരണം കാരണമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

Related News