ഐ.ബി.പി.സിയുടെ 'മെറിറ്റോറിയസ്' അവാര്‍ഡുകള്‍ ഡോ. ആദര്‍ശ് സ്വൈക വിതരണം ചെയ്തു

  • 09/02/2023


കുവൈത്ത്‌സിറ്റി: ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സില്‍ (IBPC) 2023 ഏര്‍പ്പെടുത്തിയ 'മെറിറ്റോറിയസ്' അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫെബ്രുവരി 4-ന് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വച്ചാണ് 'മെറിറ്റോറിയസ് അവാര്‍ഡ്' ചടങ്ങ് നടന്നത്. നിയുക്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക ദീപം തെളിയിച്ച് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

തുടര്‍ന്ന് സംസാരിച്ച ഡോ. ആദര്‍ശ് സ്വൈക വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെറെയായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വന്നുകെണ്ടിരിക്കുകയാണ്. അക്കദമിക് പരീക്ഷകളിലെ വിജയമല്ല യഥാര്‍ത്ഥ ജീവിത വിജയമെന്നും പറഞ്ഞ അദ്ദേഹം എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തില്‍ മികച്ചതും വ്യക്തമായ ലക്ഷ്യവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുവൈത്ത് യുവ തലമുറയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഇന്ത്യന്‍ മൂല്യങ്ങള്‍ അവരിലേക്ക് എത്തിക്കണം. എംബസിയുമായി വിദ്യാര്‍ത്ഥികള്‍ സഹകരിച്ച് വേണം മുന്നേറാന്‍ എന്ന് പറഞ്ഞ നിയുക്ത സ്ഥാനപതി എംബസി ലൈബ്രറി ഉപയോഗിക്കുവാനും ആഭ്യര്‍ത്ഥിച്ചു.

ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാര്‍ത്ഥികളാണ് പരിപാടികള്‍ നിയന്ത്രിച്ചത്. സി.ബി.എസ്.ഇ ബോര്‍ഡ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് ജേതാക്കളുടെ തിരഞ്ഞെടുത്തത്. 12-ാം ക്ലാസിന് 95%-ഉം അതിനുമുകളിലും, 10-ാം ക്ലാസിന് 97%-ഉം അതിനുമുകളിലും എന്നിങ്ങനെയാണ് യോഗ്യതാ ശതമാനം. ഈ വര്‍ഷം 99 വിദ്യാര്‍ത്ഥികളാണ് ഈ അവാര്‍ഡിന് അര്‍ഹരായത്. നാല് സ്വര്‍ണ്ണ മെഡല്‍ ജേതാക്കള്‍ക്കും 8 വെള്ളി മെഡല്‍ ജേതാക്കള്‍ക്കും ക്യാഷ് പ്രൈസുകളും നല്‍കി.
കുവൈറ്റിലെ ഇന്ത്യന്‍ സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്ന് പത്താം ക്ലാസിലെ മികച്ച വിജയത്തിന് ട്രോഫി ഇന്ത്യന്‍ എജ്യുക്കേഷന്‍ സ്‌കൂള്‍ (ഭവന്‍സ്) കരസ്ഥമാക്കി. 12-ാം ക്ലാസിലേക്കുള്ള മികച്ച പ്രകടനത്തിന് ഉള്ള ട്രോഫി ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളും സ്വന്തമാക്കി.

പ്രിന്‍സിപ്പല്‍മാരും വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അംഗങ്ങളെയും കൊണ്ട് നിറഞ്ഞിരുന്നു ഓഡിറ്റോറിയം. കൈസര്‍ ഷാക്കിര്‍, സോളി മാത്യു, കെ.പി സുരേഷ് സുനിത് അറോറ, ഡോ. കമലേഷ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി മാസ്റ്റര്‍ രോഹിത് ദേശീയ ഗാനം ആലപിച്ചു.കോ-ഡയറക്ടര്‍ ഡോ. കമലേഷ് വിജയികളെ തിരഞ്ഞെടുത്തത് സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി.

സ്വാഗതം പറഞ്ഞ ഐ.ബി.പി.സി വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍, ഐബിപിസിയുടെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി സോളി മാത്യു നന്ദി രേഖപ്പെടുത്തി.

Related News