ആത്മാവിൽ തെളിഞ്ഞു കത്തുന്ന വെളിച്ചമാണ് മനുഷ്യൻ പേരോട് സഖാഫി

  • 11/02/2023

 


കുവൈത്ത് സിറ്റിഃ പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളിൽ നിന്നും മനുഷ്യരെ വ്യതിരിക്തനാക്കുന്നത് അവന്റെ ധാർമ്മിക ബോധമാണ് എന്നും ധാർമ്മീകതക്ക് നിരക്കാത്ത ജീവിതം മനുഷ്യരെ അധപ്പതിപ്പിക്കുമെന്നും പേരോട് അബ്ദുൽ റഹ്മാൻ സഖാഫി പ്രസ്താവിച്ചു. നന്മകൾ വിതച്ച് നന്മകൾ കൊയ്തെടുക്കുന്നവരായി നാം മാറുമ്പോഴാണ് രാജ്യത്തിനോടും, സമൂഹത്തിനോടും, മതത്തിനോടും നമ്മുടെ ധർമ്മം യഥാർത്ഥത്തിൽ നാം നിർവ്വഹിക്കപ്പെടുന്നതെന്നും അദ്ദേഹം സലക്ഷ്യം വിശദീകരിച്ചു. ആത്മാവിൽ തെളിഞ്ഞുകത്തുന്ന വെളിച്ചമാണ് മനുഷ്യൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.സി.എഫ് കുവൈത്ത് നാഷണൽ കമ്മറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു സമസ്ത കേരള ജംഈയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി. വിശുദ്ധ റമളാനിന് മുന്നോടിയാൽ സൽക്കർമ്മങ്ങൾ അധികരിപ്പിക്കാനുള്ള സുവർണ്ണാവസരമാണ് വിശുദ്ധ റജബ് മാസം എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഐ.സി.എഫ് നാഷണൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമിയുടെ അദ്ധ്യക്ഷതയിൽ ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന സമ്മേളം ഐ.സി.എഫ് ഇന്റർ നാഷണൽ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. നാഷണൽ ദഅവാ പ്രസിഡന്റ് അഹമദ് സഖാഫി കാവന്നൂർ പ്രാരംഭ പ്രാർത്ഥനയും നാഷണൽ സെക്രട്ടറി അബ്ദുള്ള വടകര സ്വാഗതവും പറഞ്ഞു. അഹ്മദ് കെ മാണിയൂർ, അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. നാഷണൽ ദഅവാ സെക്രട്ടറി അബൂമുഹമ്മദ് നന്ദി പറഞ്ഞു.

ഐ.സി.എഫ് ഇന്റർ നാഷണൽ ഘടകം പ്രഖ്യപിച്ച 'സ്നേഹ കേരളം' ക്യാമ്പയിൻ ഭാഗമായി നടത്തിയ 'ഇലൽ ഖുലൂബ്' ജന സമ്പർക്ക പരിപാടി വൻ വിജയമാക്കിയ പ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. തുർക്കിയിലേയും, സിറിയയിലേയും ഭൂകമ്പബാധിത പ്രദേശത്ത് നിന്നും മരണപ്പെട്ട് പോയവർക്ക് വേണ്ടിയും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയും പ്രത്യേക പ്രാർത്ഥന നടത്തി. തുർക്കി എംബസിയുമായി സഹകരിച്ച് ദുരിത ബാധിതർക്ക് വസ്ത്രങ്ങൾ ശേഖരിക്കുന്ന ഐ.സി.എഫ് പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.

Related News