പൊതുയിടങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി തൃശൂർ റവന്യൂ ജില്ലയുടെ പരിധിയിൽ വരുന്ന മുഴുവൻ ഓഡിറ്റോറിയങ്ങൾ, കല്ല്യാണമണ്ഡപങ്ങൾ, കൺവെൻഷൻ സെന്ററുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത അൻപതിൽ കൂടുതൽ പേർ ഒരുമിച്ച് കൂടുന്ന പക്ഷം യുക്തമെന്ന് തോന്നുന്ന വിധത്തിൽ ആൾക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവി തൃശൂർ സിറ്റി / റൂറൽ എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ അതത് ജില്ലാ പോലീസ് മേധാവിമാർ ആവശ്യപ്പെടുന്ന പക്ഷം പ്രസ്തുത സ്ഥാപനങ്ങളിലെ വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കാൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് ലിമിറ്റഡ്, തൃശൂർ, തൃശൂർ/ സൂപ്രണ്ടിംഗ് എഞ്ചിനീയർ, കേരള വാട്ടർ അതോറിറ്റി, പി എച്ച് സർക്കിൾ, തൃശൂർ എന്നിവർക്ക് നിർദ്ദേശം നൽകി. തുടർന്നും നിർദ്ദേശങ്ങൾ ലംഘിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാർക്കൊ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) -നെ ബോധ്യപ്പെടുന്ന പക്ഷം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീൽ വെക്കാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനസെക്രട്ടറിമാരെ ചുമതപ്പെടുത്തി. വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുളള വിശ്വാസപരമായ ആചാര ചടങ്ങുകൾ നടത്തുന്നതിനാവശ്യമായ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി അവ നടത്തേണ്ടതാണ്. കൂടാതെ ഘോഷയാത്രകൾ, കൂട്ടപ്രാർത്ഥനകൾ, മരണാനന്തര ചടങ്ങുകൾ മുതലായവയിലും ഇതേ നടപടിക്രമം തന്നെ പാലിക്കണം. മേൽപ്പറഞ്ഞവയിലേതിലും അത്യാവശ്യത്തിലധികം ആൾക്കാർ പങ്കെടുക്കുന്നു എന്നു തോന്നിയാൽ അവരെ പിരിച്ചുവിടാൻ പോലീസ്, ആരോഗ്യവകുപ്പുകൾക്ക് അതത് പ്രദേശത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്. ജില്ലയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരവരുടെ മാതൃഭാഷയിൽ ബോധവൽക്കരണ സന്ദേശങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും ഉചിതമായ മാർഗ്ഗങ്ങളിലും നൽകാൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി. ഈ ഉത്തരവിന് മാർച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിനു പുറമേ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51, 56 എന്നീ വകുപ്പുകൾ പ്രകാരം കൂടി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?