ഇ - ബോർഡിംഗ് കാർഡ് സേവനം ആരംഭിച്ച് കുവൈത്ത് എയർവേയ്‌സ്

  • 05/04/2023

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ ഇലക്ട്രോണിക് രജിസ്ട്രേഷനും ബോർഡിംഗ് കാർഡ് സേവനമായ ഇ - ബോർഡിംഗ് കാർഡ് ആരംഭിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാ​ഗമായാണ് ഇത്. ഉപഭോക്താക്കൾക്ക് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്യാനും യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും പുതിയ സേവനം അനുവദിക്കുന്നുണ്ട്. 

യാത്രക്കാർക്ക് സമയം ലാഭിക്കുന്നതിനും യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനുമുള്ള പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള നിരന്തര പരിശ്രമം കുവൈത്ത് എയർവേയ്‌സ് തുടരുകയാണെന്ന് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി അൽ ദുഖാൻ പറഞ്ഞു. പുതിയ സേവനത്തിലൂടെ ഉപഭോക്താവിന് കുവൈത്ത് എയർവേയ്‌സ് വെബ്‌സൈറ്റിലോ ഇലക്ട്രോണിക് ആപ്ലിക്കേഷനിലോ രജിസ്റ്റർ ചെയ്യാം, ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാം.

റിസർവേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലൈറ്റിന്റെ ബാർകോഡ് നേടാനും സാധിക്കും. ലഗേജ് കൊണ്ടുപോകാത്ത യാത്രക്കാർക്ക് നേരിട്ട് പാസ്‌പോർട്ട് ഏരിയയിലേക്ക് പോകാം. ബാർകോഡ് ജീവനക്കാരനെ കാണിച്ചാൽ നടപടികൾ സു​ഗമമാകും. ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്ക് സ്വയം ലഗേജ് വെയ്റ്റിംഗ് ഉപകരണം വഴി യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News