ഇബ്രാഹിം മില്ലത്തുമായി ഇഴുകി ചേരലാണ് വിശ്വാസ ശുദ്ധീകരണത്തിന്റെ യഥാർത്ഥ പാത: കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ

  • 21/06/2023


കുവൈറ്റ്‌ സിറ്റി. ഇബ്രാഹിം മില്ലത്തുമായി ഇഴുകി ചേരലാണ് വിശ്വാസ ശുദ്ധീകരണത്തിന്റെ യഥാർത്ഥ പാതയെന്നും ജീവിതവിശുദ്ധിയുടെ പാഠങ്ങളും സമാധാനത്തിന്റെ സന്ദേശങ്ങളും നിറഞ്ഞ് നിൽക്കുന്ന ആ മില്ലത്തിനെ നെഞ്ചേറ്റലാണ് വിജയത്തിൻറെ യഥാർത്ഥ മാർഗ്ഗമെന്നും കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന 'വിശ്വാസം സംസ്കരണം സമാധാനം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പയിൻ ഉത്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് കൊണ്ട് പ്രമുഖ പണ്ഡിതനും ഖുർആൻ പരിഭാഷകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ്റുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ പ്രസ്താവിച്ചു.

മനുഷ്യരെ ധാർമികമൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന പ്രബോധന ദൗത്യങ്ങൾ നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ അനിവാര്യമാണെന്നും പ്രവാചകന്മാരുടെ നിയോഗവും അതായിരുന്നുവെന്നും ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ച ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരി പറഞ്ഞു.

വളർന്നുവരുന്ന ലിബറൽ ചിന്താഗതികളും വിദ്യാർത്ഥി സമൂഹത്തെ ലഹരിയിലും, മയക്കുമരുന്നുകളിലും തളച്ചിടാനുള്ള ലഹരി മാഫിയകളുടെ ഇടപെടലുകളും സമൂഹത്തിൽ ഉണ്ടാക്കുന്ന ദുരന്തം ചെറുതായിരിക്കില്ലെന്നും കൃത്യമായ ബോധവൽക്കരണത്തിലൂടെയും ഇസ്ലാമിക അധ്യാപനങ്ങൾ പകർന്നു നൽകിക്കൊണ്ടും മാത്രമേ ഇത്തരം സാമൂഹിക വിപത്തുകളിൽ നിന്ന് പുതുതലമുറയെ രക്ഷപ്പെടുത്താനാവു എന്നും ക്യാമ്പയിൻ പ്രമേയം അവതരിപ്പിച്ച കെ. സി. മുഹമ്മദ് നജീബ് എരമംഗലം പറഞ്ഞു.

കേമ്പയിൻ കമ്മിറ്റി വൈസ് ചെയർമാൻ
ഹാഫിദ് മുഹമ്മദ് അസ്‌ലമിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സെന്റർ ആക്ടിങ് ജനറൽ സിക്രട്ടറി സക്കീർ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. 

മുഹമ്മദ്‌ അസ്‌ലം കാപ്പാട്, നഹാസ് അബ്ദുൽ മജീദ്, മുസ്തഫ സഖാഫി, മെഹബൂബ് കാപ്പാട്, എന്നിവർ സംസാരിച്ചു. 

സെന്റർ ഖുർആൻ ഹദീസ് ലേർണിംഗ് വിഭാഗം സംഘടിപ്പിച്ച 41 മത് ഖുർആൻ വിജ്ഞാന പരീക്ഷയിലും ഹിഫ്ദ് മത്സരത്തിലും വിജയികളായവർക്കുള്ള സമ്മാനം ശൈഖ് ഫലാഹ് ഖാലിദ് അൽ മുതൈരി നിർവഹിച്ചു. 

ക്യാമ്പയിൻ ലഘുലേഖ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ മുസ്തഫ സഖാഫി അൽ കാമിലിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ക്യാമ്പയിൻ കൺവീനർ അബ്ദുറഹ് മാൻ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Related News