ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടിക്ക് സ്വീകരണം നൽകി

  • 26/06/2023


കുവൈത്ത് സിറ്റി: എല്ലാവരെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ഇന്ത്യ എന്നത് സ്വപ്നമായി മാറാതിരിക്കാൻ എല്ലാം മറന്ന് രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി കൈകോർക്കണം എന്നും,
പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രസ്ഥാനമാണ് കെഎംസിസി എന്നും മഹാരാഷ്ട്ര മുസ്ലിം ലീഗ് ട്രഷറർ ഡോ. സി.എച്ച്.ഇബ്രാഹിം കുട്ടി പറഞ്ഞു. ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ ഡോ. സി.എച്ച്. ഇബ്രാഹിം കുട്ടി കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.

മുസ്ലിം ലീഗിന്റെ പഴയകാല പ്രതാപം മഹാരാഷ്ട്രയിൽ മടക്കിക്കൊണ്ടു വരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അവിടുത്തെ നേതൃത്വമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് വേരോട്ടം ലഭിക്കാത്തത് മതേതര നിലപാടുള്ള മുസ്ലിം ലീഗിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ , ആരോഗ്യ മേഖലകളിൽ നടക്കുന്ന അസറ്റ് സ്റ്റാർസ്, നവജീവൻ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

അബ്ബാസിയ കെ.എം.സി.സി. ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത് അദ്ധ്യക്ഷനായിരുന്നു. സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം ആശംസകളർപ്പിച്ചു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ഹമീദ് മൂടാൽ, കാസറഗോഡ് ജില്ലാ പ്രസിഡന്റ് അലി മാണിക്കോത്ത്, കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദു കടവത്ത്, ജില്ലാ-മണ്ഡലം നേതാക്കളായ അൻവർ, മുജീബ് നിറമരുതൂർ, ബഷീർ വാജ്‌ദാൻ, സുഹൈൽ ബല്ല, മദനി, കബീർ മൂസാജിപ്പാടി സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലം നന്ദിയും പറഞ്ഞു.

Related News