കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിലുള്ളത് 784 തടവുകാർ

  • 30/07/2023



കുവൈത്ത് സിറ്റി: രാജ്യത്തെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിലവിലുള്ളത് 784 തടവുകാരാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. 334 പുരുഷന്മാർ, 450 സ്ത്രീകൾ, 15 കുട്ടികൾ എന്നിങ്ങനെയാണ് നാടുകടത്തൽ കേന്ദ്രങ്ങളിൽ ഉള്ളവരുടെ കണക്ക്. ഈ തടവുകാരിൽ ഭൂരിഭാഗവും ഏഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഭക്ഷണം, പാനീയങ്ങൾ, ആരോഗ്യപരിപാലനം എന്നിവയ്ക്കുള്ള ചെലവുകൾക്കായി ആഭ്യന്തര മന്ത്രാലയം ഒരു തടവുകാരന് വേണ്ടി ശരാശരി പ്രതിദിനം 10 കുവൈത്തി ദിനാർ ആണ് ചെലവാക്കുന്നത്.

അതേസമയം, കുട്ടികൾക്ക് പാൽ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു ദിവസത്തെ ചെലവ് ഏകദേശം 15 ദിനാർ ആണ്. 
സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്ലിനിക്കുകളും ഡെന്റൽ ക്ലിനിക്കും സജ്ജമാക്കി തടവുകാരുടെ ക്ഷേമം ഉറപ്പാക്കാൻ ജയിൽ അഡ്മിനിസ്ട്രേഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രാ തീയതികളും ഉയർന്ന ടിക്കറ്റ് നിരക്കും പോലുള്ള കാരണങ്ങൾ കൊണ്ടാണ് പലരുടെയും നാടുകടത്തൽ വൈകുന്നത്. 

ഇതിനിടെ, നാടുകടത്തപ്പെട്ട ചില സ്ത്രീകൾ കുവൈത്തിൽ സാധുവായ റെസിഡൻസ് പെർമിറ്റ് കൈവശം വച്ചിട്ടുണ്ടെങ്കിലും കുട്ടികളെ ഉപേക്ഷിക്കാൻ വിമുഖത കാണിക്കുകയും അവരോടൊപ്പം സ്വന്തം രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നത് ഒരു പ്രതിസന്ധിയാകുന്നുണ്ട്. കുട്ടികൾക്കൊപ്പം തന്നെ യാത്ര ചെയ്യാൻ ചാരിറ്റബിൾ കമ്മിറ്റികളുടെയോ ദാതാക്കളുടെയോ സഹായത്തോടെ ടിക്കറ്റുകൾ ക്രമീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News