രക്തദാന ക്യാമ്പയിനുമായി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 01/08/2023


കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസസ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ ബുധനാഴ്ച സംഘടിപ്പിക്കും. ടു​ഗെദർ ഫോർ എവർ, എ വാൾ ഓഫ് ദി ഹോംലാൻഡ് എന്ന ക്യാമ്പയിൻ ആണ് നടത്തുന്നത്. കുവൈത്തിലെ ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ 33-ാം വാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിലും അഡ്മിനിസ്ട്രേഷന്റെ എല്ലാ രക്തശേഖരണ കേന്ദ്രങ്ങളിലും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ദാതാക്കൾക്ക് രക്തം നൽകാൻ സാധിക്കും. സെൻട്രൽ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സർക്കാർ മേഖല എന്നിവയുടെ പങ്കാളിത്തവും സംയുക്ത സഹകരണവും കൊണ്ട് തുടർച്ചയായ എട്ടാം വർഷമാണ് ഇത്തരത്തിലുള്ള ഒരു ക്യാമ്പയിൻ നടത്താൻ സാധിക്കുന്നതെന്ന് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസസ് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവാദി പറഞ്ഞു.

Related News