കുവൈത്ത് കെ.എം.സി.സി. സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു; പി.കെ.കുഞ്ഞാലിക്കുട്ടി ഫണ്ട് കൈമാറി

  • 05/08/2023



കുവൈത്ത് സിറ്റി/ മലപ്പുറം : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മിൽ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങൾ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവർത്തകർ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങൾ പറഞ്ഞു.

മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി. ജീവകാരുണ്യ പ്രവർത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന ട്രഷറർ എം.ആർ. നാസർ അദ്ധ്യക്ഷത വഹിച്ചു.കെ.എം.സി.സി. മെമ്പർമാരുടെ നിർബന്ധിത ബാധ്യതയാണ് സോഷ്യൽ സെക്യൂരിറ്റി സ്കീമെന്നു എം.ആർ നാസർ പറഞ്ഞു.

പ്രവാസ ജീവിതത്തിനിടയിൽ നാഥന്റെ വിളിക്കുത്തരം നൽകേണ്ടി വന്നവരേറെയാണു. കുടുംബത്തിന്റെ നെടുംതൂൺ നഷ്ടപ്പെട്ടവർക്ക്‌ ഒന്നും പകരം വെക്കാനാവില്ല.പക്ഷെ സാന്ത്വനത്തോടൊപ്പം കെ എം സി സി യുടെ ഇത്തരം സമാശ്വാസ പദ്ധതികൾ തികച്ചും മാതൃകാപരമാ മാണെന്നുംചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.യും കുവൈത്ത് കെ.എം.സി.സി. നിരീക്ഷകനുമായ അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു. സംഘശക്തിയുടെ കരുത്തോടെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക്‌ കുവൈത്ത്‌ കെ.എം.സി.സി. അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ സെക്യൂരിറ്റി സ്കീം ഇനത്തിൽ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നൽകുന്നത്. കുവൈത്ത് കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരിൽ 5 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങിൽ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് കൈമാറിയത്. തൃക്കരിപ്പൂർ, എലത്തൂർ, കൊയിലാണ്ടി, മഞ്ചേരി, തിരൂർ എന്നീ മണ്ഡലങ്ങളിൽ നിന്നുള്ള മരണപ്പെട്ട ഒരോ അംഗങ്ങളുടേയും ആശ്രിതർക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പർഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.

കുവൈത്ത് കെ.എം.സി.സി. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി തൽഹത്ത് ആലുവ സ്വാഗതവും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കരിങ്കപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് ലീഗ് നേതാക്കളായ ഫൈസൽ ബാബു, ഷിബു മീരാൻ,ടി.പി. അഷ്‌റഫലി, സാജിദ് നടുവണ്ണൂർ, അൻവർ സാദത്ത്,തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ലത്തീഫ് നീലഗിരി, കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റിയംഗം ഹംസ കൊയിലാണ്ടി, മലപ്പുറം ജില്ലാ കുവൈത്ത് കെ.എം.സി.സി. ട്രഷറർ അയ്യൂബ് പുതുപ്പറമ്പ്, ആശംസകളർപ്പിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ഷാഫി മങ്കട, നൗഷാദ് വെട്ടിച്ചിറ, ഫസൽ കൊണ്ടോട്ടി, ഫൈസൽ വേങ്ങര, ആബിദ് ഹുസൈൻ തങ്ങൾ പെരിന്തൽമണ്ണ, മുഹമ്മദ് കമാൽ മഞ്ചേരി, ഫാറൂഖ് തെക്കേക്കാട്‌, ഷാജി മണലൊടി, ഹസ്സൻ കൊണ്ടോട്ടി, ശരീഖ് നന്തി, മുഹമ്മദ് കൊടക്കാട്, സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ഏറ്റുവാങ്ങാനെത്തിയ ശാഖാ/ വാർഡ് നേതാക്കൾ, കുടുംബാംഗങ്ങൾ, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

(പടം അടിക്കുറിപ്പ് : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 5 പേരുടെ കുടുംബങ്ങൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി സ്‌കീമിന്റെയും വെൽഫെയർ സ്‌കീമിന്റെയും വിതരണോത്ഘാടനം മലപ്പുറം ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു; മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആശ്രിതർക്ക് സോഷ്യൽ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറുന്നു)

Related News