ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാൻ 8 അംഗ സമിതി, രാം നാഥ് കോവിന്ദ് അധ്യക്ഷൻ

  • 02/09/2023

ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ എട്ടംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി, കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച മുൻ കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ്, 15ാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാല്‍വെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ അംഗങ്ങളാണ്.


കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുൻ രാം മേഘ്‌വാള്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേര്‍ന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും. 

Related News