മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു; കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

  • 02/09/2023

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബിജെപിക്ക് തിരിച്ചടിയായി കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവുമൊടുവില്‍ രണ്ട് സുപ്രധാന നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവച്ച്‌ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ പ്രതിരോധത്തിലാക്കിയാണ് നേതാക്കളുടെ കൂടുമാറ്റം. 


കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമര്‍ എന്നിവരുള്‍പ്പെടെ നിരവധി ശക്തരായ ബിജെപി നേതാക്കളുടെ തട്ടകമായ ഗ്വാളിയോര്‍-ചമ്ബല്‍ മേഖലയില്‍ നിന്നാണ് പലരും പാര്‍ട്ടി വിട്ടത്. മുൻ എംഎല്‍എമാരായ ഗിരിജ ശങ്കര്‍ ശര്‍മ, വീരേന്ദ്ര രഘുവംശി എന്നിവരാണ് കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ നിന്ന് രാജിവച്ചത്. സിന്ധ്യയെയും വിശ്വസ്തരെയും കുറ്റപ്പെടുത്തിയാണ് ഇരു നേതാക്കളുടേയും രാജി. 

രണ്ട് തവണ എംഎല്‍എയായ ഗിരിജ ശങ്കര്‍ ശര്‍മയുടെ കുടുംബം പതിറ്റാണ്ടുകളായി ബിജെപിയുമായി ബന്ധമുള്ളവരാണ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്. ഹോഷംഗബാദ് നിയമസഭാ സീറ്റില്‍ നിന്നും ഗിരിജ ശങ്കറും സഹോദരൻ സീതാസരണ്‍ ശര്‍മയും 1990 മുതല്‍ തുടര്‍ച്ചയായി ഏഴ് തവണ വിജയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ബിജെപി അവഗണിക്കുകയാണെന്ന് ശര്‍മ ആരോപിച്ചു. 

Related News