വിവാഹത്തിന് സമ്മര്‍ദം ചെലുത്തി; ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച്‌ കൊന്ന വിവാഹിതൻ അറസ്റ്റില്‍

  • 02/09/2023

റായ്പൂര്‍: തന്നെ വിവാഹം കഴിക്കാൻ സമ്മര്‍ദം ചെലുത്തിയ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ച്‌ കൊന്ന വിവാഹിതനായ ആള്‍ അറസ്റ്റില്‍. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം. ദുര്‍ഗാ ധൃത്‌ലഹരെ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ലിവ്-ഇൻ പങ്കാളിയായ വേദമതി വര്‍മ (46)യാണ് കൊല്ലപ്പെട്ടത്. 


ഭാര്യയും മക്കളുമുള്ള പ്രതിയോട് അവരെ ഉപേക്ഷിച്ച്‌ തന്നെ വിവാഹം കഴിക്കണമെന്ന് വേദമതി വര്‍മ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തെ ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഒടുവില്‍ കലി പൂണ്ട ഇയാള്‍ പങ്കാളിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

വീട്ടില്‍ നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കൊല്ലപ്പെട്ട നിലയിലാണ് വേദമതി വര്‍മയെ കണ്ടെത്തിയത്. വേദമതി വിവാഹമോചിതയാണെന്നും ഇവരുടെ മക്കള്‍ വിവാഹിതരാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടക്കത്തില്‍, ഒറ്റയ്ക്ക് താമസിച്ചിരുന്ന അവര്‍ പിന്നീട് ജമുലിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലിക്കു കയറി. 

തുടര്‍ന്ന്, ഈ കമ്ബനിയില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതിയുമായി അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനായ ദുര്‍ഗ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും കുറച്ച്‌ നാളായി വേദമതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. 

കൊലയ്ക്ക് ശേഷം ദുര്‍ഗാ ധൃത്‌ലഹരെയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News