ത്രീ,ടു,വണ്‍; ആ കൗണ്ട് ഡൗണ്‍ ശബ്ദം ഇനിയില്ല: ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി അന്തരിച്ചു

  • 04/09/2023

ബെംഗളൂരു: ചന്ദ്രയാന്‍ 3 ഉള്‍പ്പെടെ ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായക ശബ്ദസാന്നിധ്യമായ ശാസ്ത്രജ്ഞ എന്‍.വളര്‍മതി (64)അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്‌നാട് അരിയനല്ലൂര്‍ സ്വദേശിയായ വളര്‍മതി ശ്രീഹരിക്കോട്ടയിലെ മിഷൻ കണ്‍ട്രോള്‍ സെന്‍റര്‍ റേഞ്ച് ഓപ്പറേഷൻ വിഭാഗം മാനേജരായിരുന്നു.


ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിലും കൗണ്ട് ഡൗണിലുമെല്ലാം സ്വര സാന്നിധ്യമായി ഇവര്‍ ഉണ്ടായിരുന്നു. ത്രീ, ടു, വണ്‍ എന്നിങ്ങനെ രാജ്യത്തെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള വിവിധ അഭിമാന ദൗത്യങ്ങളിലെ ആ കൗണ്ട് ഡൗണ്‍ ശബ്ദം ഓര്‍മയായി മാറിയിരിക്കുകയാണ്.

മരിക്കുന്നതിനു മുന്‍പുള്ള അവസാന കൗണ്ട് ഡൗണ്‍ ശബ്ദമായിരുന്നു ചന്ദ്രയാന്‍ 3യുടെതെന്ന് ഐഎസ്‌ആര്‍ഒ മുന്‍ ഐഎസ്‌ആര്‍ഒ മുന്‍ ഡയറക്ടര്‍ ഡോ.പി.വി വെങ്കിട കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. ''ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള ഐഎസ്‌ആര്‍ഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകള്‍ക്ക് ഇനി വളര്‍മതി മാഡത്തിന്റെ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗണ്‍ പ്രഖ്യാപനം. അപ്രതീക്ഷിതമായ ഒരു വിയോഗം. വല്ലാത്ത സങ്കടം തോന്നുന്നു. പ്രണാമം!" എന്നായിരുന്നു ട്വീറ്റ്.

മുൻ രാഷ്ട്രപതി അബ്ദുള്‍ കലാമിന്‍റെ ബഹുമാനാര്‍ത്ഥം 2015-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അബ്ദുള്‍ കലാം അവാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തിയാണ് വളര്‍മതി. 2012-ല്‍ വിജയകരമായി വിക്ഷേപിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-1 ന്റെ പ്രോജക്‌ട് ഡയറക്ടറായിരുന്നു അവര്‍.

Related News