വിദ്യാര്‍ഥിളോട് പാകിസ്ഥാനിലേക്ക് പോകാൻ അധ്യാപിക ആക്രോശിച്ചെന്ന് പരാതി, നടപടിയെടുത്ത് സര്‍ക്കാര്‍; സംഭവം കര്‍ണാടകയില്‍

  • 05/09/2023

ബെംഗളുരു: വിദ്യാര്‍ഥികളോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞെന്ന് ആരോപണത്തില്‍ നടപടിയുമായി സര്‍ക്കാര്‍. കര്‍ണാടകയിലെ ശിവമോഗയിലെ അംബേദ്കര്‍ നഗര്‍ ഉറുദു സ്കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളോടാണ് അധ്യാപിക പാകിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതെന്നായിരുന്നു ആരോപണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി അധ്യാപികയെ സ്ഥലം മാറ്റി.


അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ശിവമോഗ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ നാഗരാജാണ് നടപടിയെടുത്തത്. കുട്ടികളോട് പാകിസ്ഥാനില്‍ പോകാൻ പറഞ്ഞിട്ടില്ലെന്നും ശാസിക്കുക മാത്രമാണ് ചെയ്തതെന്നും അധ്യാപിക പറഞ്ഞു. ജെഡിഎസ് നേതാവ് നസറുല്ലയാണ് പരാതി നല്‍കിയത്. വിദ്യാര്‍ഥികളുടെ മനസ്സില്‍ വര്‍ഗീയത വളര്‍ത്താൻ അധ്യാപിക ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. മഞ്ജുള ദേവി എന്ന കന്നട അധ്യാപികക്കെതിരെയാണ് പരാതി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് രോഷാകുലയായ അധ്യാപിക വിദ്യാര്‍ഥികളോട് പാകിസ്ഥാനില്‍ പോകാൻ ആക്രോശിച്ചെന്നാണ് പരാതി. 'ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ' എന്നാണ് അധ്യാപിക പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.

26 വര്‍ഷമായി ജോലി ചെയ്യുന്ന മഞ്ജുള ദേവി, കഴിഞ്ഞ എട്ട് വര്‍ഷമായി ശിവമോഗയിലെ സ്കൂളിലാണ് പഠിപ്പിക്കുന്നത്. ഒരാഴ്ച മുന്‍പ് ദില്ലിയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. വിഭജന കാലത്ത് കുടുംബം എന്തുകൊണ്ട് പാകിസ്ഥാനിലേക്ക് പോയില്ലെന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. ദില്ലിയിലെ ഗാന്ധിനഗറിലെ സര്‍വോദയ ബാല വിദ്യാലയയിലെ അധ്യാപിക ഹേമ ഗുലാത്തിക്ക് എതിരെയാണ് കേസെടുത്തത്.

Related News