എതിരാളികളെപ്പോലും കാണുന്നത് അധ്യാപകരായി, തെരഞ്ഞെടുത്ത വഴി ശരിയെന്ന് അവര്‍ പഠിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി

  • 05/09/2023

ദില്ലി: അധ്യാപക ദിനത്തില്‍ തന്റെ രാഷ്ട്രീയ എതിരാളികളെ അധ്യാപകരോട് ഉപമിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവരുടെ പെരുമാറ്റത്തിലൂടെയും കള്ളത്തരത്തിലൂടെയും വാക്കുകളിലൂടെയും താൻ സ്വീകരിച്ച വഴി തന്നെയാണ് ശരിയെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, ഗൗതം ബുദ്ധ, ശ്രീനാരായണ ഗുരു തുടങ്ങിയ മഹാന്മാരാണ് തന്റെ ഗുരുവെന്നും അധ്യാപക ദിനാശംസയോടെ ഫേയ്സ്ബുക്കിലിട്ട് ഹിന്ദി കുറുപ്പില്‍ രാഹുല്‍ ഗാന്ധി പറയുന്നു.


'അധ്യാപക ദിനത്തില്‍ എല്ലാ അധ്യാപകരെയും ഞാൻ ബഹുമാനത്തോടെ സ്മരിക്കുന്നു. മുൻ പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ ബഹുമാനത്തോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ്. ശരിയായ വഴിയിലൂടെ നീങ്ങാൻ പ്രചോദിപ്പിക്കുന്നതിലും ജീവിതപാതക്ക് വെളിച്ചമേകുന്നതിലും ഒരു അധ്യാപകന് വലിയ പങ്കുണ്ട്'- രാഹുല്‍ ഗാന്ധി കുറിച്ചു.

'ഇന്ത്യയിലെ ജനങ്ങളും അധ്യാപകരെപ്പോലെയാണ്. അവര്‍ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിൻെറ ഉദാഹരണങ്ങള്‍ നല്‍കുന്നു, ധൈര്യത്തോടെ എല്ലാ പ്രശ്നങ്ങള്‍ക്കെതിരെയും പോരാടാൻ പ്രചോദനം നല്‍കുന്നു, അതോടൊപ്പം അനുതാപവും വിനയവും ഉള്‍കൊള്ളുന്നവരാകുന്നു. എന്റെ എതിരാളികളെപ്പോലും എന്റെ അധ്യാപകരായാണ് കണക്കാക്കുന്നത്.

എതിരാളികള്‍ അവരുടെ സ്വഭാവത്തിലൂടെയും കള്ളത്തരങ്ങളിലൂടെയും വാക്കുകളിലൂടെയും ഞാൻ തെരഞ്ഞെടുത്ത വഴിയാണ് ശരിയെന്ന് ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതു സാഹചര്യത്തിലും ആ വഴിയിലൂടെ മുന്നോട്ടുപോകാനുള്ള ധൈര്യവും നല്‍കുന്നു'- രാഹുല്‍ ഗാന്ധി കുറിച്ചു.

Related News