ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി; സന്യാസിക്കെതിരെ കേസെടുത്ത് മധുരാ പൊലീസ്

  • 06/09/2023

ചെന്നൈ: സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാന്‍ പത്തുകോടി വാഗ്ദാനം ചെയ്ത സന്യാസിക്കെതിരെ കേസ്. മധുര പൊലീസാണ് കേസ് എടുത്തത്. ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെതായിരുന്നു പ്രകോപനപരമായ ആഹ്വാനം.


പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും സന്യാസി പങ്കുവെച്ചിരുന്നു. വീഡിയോ ചിത്രീകരിച്ച വ്യക്തിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കലാപാഹ്വാനം അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. 

ശനിയാഴ്ച ചെന്നൈയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. 'ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകള്‍, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധര്‍മത്തെയും നമുക്ക് തുടച്ചുനീക്കണം', എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന.

Related News