ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രം; മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്‍ഞ; അംഗങ്ങള്‍ക്ക് നന്ദിയെന്ന് മോദി

  • 09/09/2023

ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു, കൂടാതെ ജി 20 അംഗങ്ങള്‍ക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘര്‍ഷം കൂടി ഉള്‍പ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയില്‍ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങള്‍ക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗള്‍ഫ് യൂറോപ്പ് സാമ്ബത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.

നമ്മുടെ കഠിനാധ്വാനം കൊണ്ടും, കൂട്ടായ പ്രവര്‍ത്തനം കൊണ്ടും ദില്ലി ജി 20 ഉച്ചകോടി പ്രഖ്യാപനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ പ്രഖ്യാപനം സ്വീകരിക്കുന്നതായി അറിയിക്കുന്നു എന്നാണ് സമവായം സാധ്യമായതിനെക്കുറിച്ച്‌ മോദി പറഞ്ഞത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ജി20 സംയുക്ത പ്രഖ്യാപനത്തിലേക്ക് എത്താൻ ഇന്ത്യയ്ക്കായത്. ആകെ 83 ഖണ്ഡികയുള്ള പ്രഖ്യാപനത്തില്‍ എട്ടു ഖണ്ഡികയാണ് രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മാറ്റി വച്ചത്. 

റഷ്യ യുക്രെയിൻ സംഘര്‍ഷം യുഎൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ തീര്‍ക്കണം എന്ന് പ്രഖ്യാപനം നിര്‍ദ്ദേശിക്കുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്ത് കടന്നുകയറാൻ പാടില്ല. യുക്രെയിൻ സംഘര്‍ഷം കൊവിഡിനു ശേഷമുള്ള മനുഷ്യ ദുരിതം വര്‍ദ്ധിപ്പിച്ചു എന്നും പ്രഖ്യാപനം പറയുന്നു. എന്നാല്‍ റഷ്യയ്ക്കെതിരായ കടുത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും അംഗീകരിച്ചു. 

Related News