ബംഗാളില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷം; അര്‍ധരാത്രി കേന്ദ്രത്തിന് രഹസ്യ കത്ത്

  • 09/09/2023

പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാറും ഗവര്‍ണര്‍ സി.വി ആനന്ദബോസും തമ്മില്‍ പോര് മുറുകുന്നു. എന്താണ് ചെയ്യുകയെന്ന് കാണിച്ചുതരാമെന്നും അര്‍ധരാത്രി വലിയ ആക്ഷൻ ഉണ്ടാകുമെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ച അര്‍ധരാത്രി ഗവര്‍ണര്‍ മുദ്രവെച്ച രണ്ട് കത്തുകളില്‍ ഒന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും മറ്റൊന്നും കേന്ദ്രസര്‍ക്കാരിനും നല്‍കിയതായി രാജ്ഭവൻ വൃത്തങ്ങള്‍ അറിയിച്ചു.


കത്തില്‍ എന്താണ് എഴുതിയതെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് രാജ്ഭവൻ നല്‍കുന്ന വിവരം. ചീഫ് സെക്രട്ടറി എച്ച്‌.കെ ദ്വിവേദിയുമായി രണ്ട് മണിക്കൂറോളം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ കത്തെഴുതിയത്. ചര്‍ച്ചയുടെ വിവരങ്ങള്‍ വെളിപ്പെടുത്താൻ സര്‍ക്കാറും രാജ്ഭവനും തയ്യാറായിട്ടില്ല.

വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന സര്‍ക്കാരിന്റെ വിമര്‍ശനത്തിന് തൊട്ടുപിറകെ അര്‍ധരാത്രി താല്‍ക്കാലിക വി.സിമാരെ നിയമിച്ച്‌ ഗവര്‍ണര്‍ തിരിച്ചടിക്കുകയായിരുന്നു. സ്വന്തം വി.സിമാരെ നിയമിച്ച്‌ ഗവര്‍ണര്‍ സര്‍വകലാശാലകളില്‍ പാവഭരണം നടത്തുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു ആരോപിച്ചു.

Related News