ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

  • 10/09/2023

ദില്ലി: നിര്‍ണായക ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. ജി20 യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കള്‍ ഒന്നിച്ച്‌ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കള്‍ രാജ്ഘട്ടില്‍ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച്‌ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമര്‍പ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബര്‍മതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ഷാളണിയിച്ച്‌ മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. 

Related News