ജി 20 സംയുക്ത പ്രഖ്യാപനം നരേന്ദ്രമോദിയുടെ നേട്ടമായി അവതരിപ്പിക്കാൻ ബിജെപി നീക്കം, നേതാക്കള്‍ക്ക് നിര്‍ദ്ദേശം

  • 10/09/2023

ദില്ലി : ജി20 ഉച്ചകോടി സംയുക്ത പ്രഖ്യാപനം ലോക രാജ്യങ്ങള്‍ അംഗീകരിച്ചത് രാഷ്ട്രീയ പ്രചാരണത്തിനുപയോഗിക്കാൻ ബിജെപി നീക്കം തുടങ്ങി. നരേന്ദ്രമോദിയുടെ നേട്ടമായി അവതരിപ്പിക്കാൻ നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ജി20 നല്ല അന്തരീക്ഷത്തില്‍ അവസാനിച്ചത് ബിജെപിയുടെ പ്രതീക്ഷകളും ഉയര്‍ത്തുകയാണ്. ജി20 യില്‍ സംയുക്തപ്രഖ്യാപനം അംഗീകരിച്ചത് നരേന്ദ്രമോദിയുടെ ഇടപെടല്‍ കൊണ്ടെന്ന പ്രചാരണം ഇതിനകം ബിജെപി തുടങ്ങി കഴിഞ്ഞു.


മോദിക്ക് ലോക നേതാക്കള്‍ക്കിടയിലെ സ്വീകാര്യതയ്ക്ക് ഉദാഹരണമായി ഇത് അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശമാണ് നേതാക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നത്. ഇന്ത്യ സഖ്യത്തെ നേരിടാനും മണിപ്പൂര്‍ ഉള്‍പ്പടെയുള്ള തിരിച്ചടികള്‍ മറികടക്കാനും ജി20ക്കും ശേഷമുള്ള അന്തരീക്ഷം പ്രയോജനപ്പെടുത്താനാണ് ബിജെപി നീക്കം.

നരേന്ദ്ര മോദിയുടെ നേതൃത്വമാണ് പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ എസ്. ജയശങ്കറും നിര്‍മ്മല സീതാരാമനും അവകാശപ്പെട്ടിരുന്നു. റഷ്യയോട് മൃദുസമീപനം സ്വീകരിച്ചതിനെ അമേരിക്കയിലെയും യൂറോപ്പിലെയും മാധ്യമങ്ങള്‍ ശക്തമായി വിമര്‍ശിക്കുകയാണ്. യുക്രെയിനും ഇന്നലെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Related News