'മാതാവിന് നിരന്തരം പീഡനം, വീട്ടില്‍ നിന്ന് ഇറക്കി വിട്ടു'; പിതാവിനെയും മുത്തശ്ശനെയും 21 കാരൻ വെട്ടിക്കൊന്നു

  • 11/09/2023

ഗ്രേറ്റര്‍ നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ദങ്കൗറില്‍ 21കാരൻ പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. സെപ്തംബര്‍ ഏഴിന് രാത്രിയാണ് ഇരട്ട കൊലപാകം നടന്നത്. പ്രതിയായ ജാസ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.


ദൻകൗറിലെ ബല്ലു ഖേര ഗ്രാമത്തിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഫിലിം സ്റ്റുഡിയോയില്‍ വെച്ചാണ് ജാസ്മിൻ പിതാവ് വിക്രമജിത് റാവുവിനെയും മുത്തച്ഛൻ രാംകുമാറിനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഉറങ്ങിക്കിടക്കുമ്ബോഴായിരുന്നു കൊലപാതകം നടത്തിയത്. പിതാവ് അമ്മയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നാണ് ജാസ്മിൻ പൊലീസിന് നല്‍കിയ മൊഴി. അമ്മയെയും മക്കളെയും പിതാവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്‌തെന്നും ഇയാള്‍ പറയുന്നു. ഇരുവരും വിവാഹമോചനത്തിന്റെ ഘട്ടത്തിലാണ്. 

ഇതിന്റെ പ്രതികരത്തിലാണ് പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പറയുന്നു. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. നിലവിളി കേട്ടാണ് മുത്തച്ഛൻ ഉണര്‍ന്നത്. തന്നെ തിരിച്ചറിയുമോ എന്ന ഭയത്തിലാണ് മുത്തശ്ശനെയും കൊലപ്പെടുത്തിയത്.

കൊലപതാകത്തിന് ശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ വീട്ടിലെത്തുകയും രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകുകയും ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണെന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) അശോക് കുമാര്‍ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Related News