കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും; പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

  • 12/09/2023

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി സ്റ്റാഫുകള്‍ക്ക് പുതിയ യൂണിഫോം. ക്രീം നിറത്തിലുള്ള ജാക്കറ്റും ഷര്‍ട്ടും കാക്കി പാന്‍റ്സുമാണ് പുതിയ യൂണിഫോം. ഷര്‍ട്ടില്‍ പിങ്ക് നിറത്തില്‍ താമര ചിഹ്നവുമുണ്ട്. പാര്‍ലമെന്‍റ് സുരക്ഷാ ജീവനക്കാരന് നീല സഫാരി സ്യൂട്ടാണ് യൂണിഫോം. 


പുതിയ യൂണിഫോമില്‍ ഇരുസഭകളിലെയും മാര്‍ഷലുകള്‍ക്കുള്ള മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും. കൂടാതെ ടേബിള്‍ ഓഫീസ്, നോട്ടീസ് ഓഫീസ്, പാര്‍ലമെന്‍ററി റിപ്പോര്‍ട്ടിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ താമരയുടെ ചിഹ്നത്തോടുകൂടിയുള്ള ഷര്‍ട്ടായിരിക്കും ധരിക്കേണ്ടത്. എല്ലാ വനിതാ ഓഫീസര്‍മാര്‍ക്കും പുതിയ ഡിസൈനിലുള്ള സാരികള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് പുതിയ യൂണിഫോം രൂപകല്പന ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെങ്കിലും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയായതിനാല്‍ ഇത് രാഷ്ട്രീയ വിവാദത്തിന് കാരണമായേക്കാമെന്നാണ് സൂചന.

ചെയറിന് അരികില്‍ നില്‍ക്കുകയും പ്രിസൈഡിംഗ് ഓഫീസര്‍മാരെ സഹായിക്കുകയും ചെയ്യുന്ന മാര്‍ഷലുകള്‍ ഇനി സഫാരി സ്യൂട്ടുകള്‍ക്ക് പകരം ക്രീം നിറമുള്ള കുര്‍ത്ത പൈജാമ ധരിക്കും. തലപ്പാവിന് പകരം മണിപ്പൂരി ശിരോവസ്ത്രവും ധരിക്കും.

Related News