മക്കളെ കാണാത്തതില്‍ മാനസിക വിഷമം; അഞ്ജു പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്നു

  • 18/09/2023

ഫെയ്‌സ്ബുക്ക് പ്രണയത്തെത്തുടര്‍ന്ന് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലെത്തി മതംമാറി കാമുകനെ വിവാഹം കഴിച്ച യുവതി വീണ്ടും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നു. മക്കളെ കാണാത്തതില്‍ യുവതി മാനസിക വിഷമത്തിലാണെന്നും, കുട്ടികളെ കാണാന്‍ യുവതി ഇന്ത്യയിലെത്തുമെന്നും യുവതിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് നസറുള്ള പറഞ്ഞു.


അടുത്ത മാസം ഇന്ത്യയിലെത്തി കുട്ടികളെ കാണാനാണ് ശ്രമിക്കുന്നത്. യാത്രാരേഖകള്‍ തയ്യാറാക്കുന്നതിനായുള്ള നടപടികള്‍ ചെയ്തു വരികയാണെന്നും നസറുള്ള വ്യക്തമാക്കി. വിസ ലഭിച്ചാല്‍ താനും കൂടെ പോകുമെന്നും ഇയാള്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഞ്ജു എന്ന 34 കാരിയാണ് ഫെയ്‌സ്ബുക്ക് കാമുകനെ കാണാനായി പാകിസ്ഥാനിലേക്ക് പോയത്.

തുടര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിച്ച അഞ്ജു, കാമുകന്‍ നസറുള്ളയെ വിവാഹം കഴിച്ച്‌ ജൂലൈ മുതല്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ താമസിച്ചു വരികയായിരുന്നു. നേരത്തെ രാജസ്ഥാനിലെ ഭീവണ്ടി സ്വദേശി അരവിന്ദിനെ അഞ്ജു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ 15 വയസ്സുള്ള പെണ്‍കുട്ടിയും ആറു വയസ്സുള്ള ആണ്‍കുട്ടിയും അഞ്ജുവിനുണ്ട്. 

മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നസറുള്ളയെ, ഫെയ്‌സ്ബുക്ക് വഴിയാണ് വിവാഹിതയായ അഞ്ജു പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ജയ്പൂരിലേക്ക് പോകുന്നു എന്നു ഭര്‍ത്താവ് അരവിന്ദിനോട് പറഞ്ഞിട്ടാണ് അഞ്ജു വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പോകുകയായിരുന്നു. 

പിന്നീട് മതം മാറിയ അ‍ഞ്ജു നസറുള്ളയെ വിവാഹം കഴിച്ചതിന്റെ വാര്‍ത്തകളും വീഡിയോയും പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് കുടുംബത്തെ സംബന്ധിച്ചിടത്തോളം അഞ്ജു മരിച്ചതിനു തുല്യമാണെന്ന് യുവതിയുടെ പിതാവ് ഗയാ പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. 

Related News