കേരളത്തില്‍ നിപ നിയന്ത്രണ വിധേയം, ആശങ്കയുടെ നാളുകള്‍ കഴിഞ്ഞു; കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍

  • 22/09/2023

ദില്ലി: കേരളത്തില്‍ നിപ്പ നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാര്‍. രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചു. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിശോധനകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ആശങ്കയുടെ നാളുകള്‍ കഴിഞ്ഞു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


നിപയില്‍ ഇന്നലെയും പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയെന്നും വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി.

ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ പോസിറ്റീവാക്കുന്ന സാമ്ബിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു. 

Related News