സർക്കാർ മേഖലയിലെ ജോലികൾ കുവൈത്തിവൽക്കരിക്കുന്നു; അടുത്ത തിങ്കളാഴ്ച സുപ്രധാന ചർച്ച

  • 08/12/2023


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ ജോലികൾ കുവൈത്തിവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കായുള്ള നിർദേശങ്ങൾ പാർലമെന്ററി ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി അടുത്ത തിങ്കളാഴ്ച ചർച്ച നടത്തും. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, അറ്റാച്ച്ഡ് അല്ലെങ്കിൽ ഇൻഡിപെൻഡന്റ് ബജറ്റ് ഉള്ള സ്ഥാപനങ്ങൾ എന്നിവ നിയമം കൊണ്ട് വന്ന് ഒരു വർഷത്തിനുള്ളിൽ എല്ലാ ജോലികളും കുവൈത്തിവൽക്കരിക്കണം. ഇത് വ്യവസ്ഥ ചെയ്യുന്ന അഞ്ച് നിർദേശങ്ങളാണ് പരി​ഗണനയിലുള്ളത്. 

നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ, ഓരോ സർക്കാർ ഏജൻസിയും കുവൈത്തിവൽക്കരിക്കുന്നതിനുള്ള പൊതു പദ്ധതി പ്രസിദ്ധീകരിക്കും. കുവൈത്തികളല്ലാത്ത താമസക്കാർക്ക് നിയമപരമായി ലഭ്യമാകുന്ന തൊഴിലുകൾ നിജപ്പെടുത്തിയ ശേഷം പൗരന്മാർക്കുള്ള ജോലികൾ ഇതിൽ വ്യക്തമാക്കും. അതേസമയം, ഇന്നലെ ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിലെ പതിവ് പൊതു സമ്മേളനം നടത്താനുള്ള തീരുമാനം അറിയിച്ചിട്ടുണ്ട്.

Related News