കുവൈത്ത് തീപിടിത്തം; 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോയി

  • 14/06/2024


കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങളും വഹിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട്ടിൽ നിന്നുള്ളവരുടെയും കർണാടകയിൽ നിന്നുള്ള ഒരാളുടെയും മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ കൊണ്ടുവരും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ എത്തിക്കുന്നതിനായി വിമാനം ഡൽഹിയിലേക്ക് പോകും. 

കുവൈത്ത് അധികൃതരുമായി നടപടികൾ ഏകോപിപ്പിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും വിമാനത്തിലുണ്ട്. ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരിൽ ഇരുപത്തിമൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്നലെ കീർത്തി വർധൻ സിംഗ് കുവൈത്തിലെ ആശുപത്രികൾ സന്ദർശിച്ചു. മംഗഫിലെ ദാരുണമായ തീപിടുത്തത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുമായി സംസാരിക്കുകയും ചെയ്തു.

Related News