വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചാൽ കടുത്ത നടപടി

  • 26/06/2024


കുവൈത്ത് സിറ്റി: വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മന്ത്രിസഭാ കൗൺസിൽ. മാധ്യമ പ്രൊഫഷണലിസം പാലിക്കാനും വിശ്വാസ്യതയും ദേശീയ താൽപ്പര്യവും ഉറപ്പാക്കാനും സോഷ്യൽ മീഡിയകളോടും വാർത്താ സേവനങ്ങളോടും കൗൺസിൽ ആഹ്വാനം ചെയ്തു. മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് യാഥാർത്ഥ്യത്തിന് വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും കൗൺസിൽ വ്യക്തമാക്കി.

പ്രസിദ്ധീകരിക്കപ്പെടുന്നതോ പ്രക്ഷേപണം ചെയ്യുന്നതോ പുനഃസംപ്രേക്ഷണം ചെയ്യുന്നതോ ആയ എല്ലാ തെറ്റായ വാർത്തകളുടെയും ഉത്തരവാദിത്തം അത് നൽകുന്നവർ തന്നെ ഏറ്റെടുക്കണം. തെറ്റായ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രചരിപ്പിച്ചതായി തെളിയിക്കപ്പെട്ടാൽ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ നേതൃത്വത്തിൽ ബയാൻ പാലസിൽ ഇന്നലെയാണ് കൗൺസിൽ പ്രതിവാര യോഗം ചേർന്നത്.

Related News